
കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം ടി പത്മ (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. പത്മയുടെ വിയോഗത്തിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് ലോ കോളജിൽ പഠിക്കുമ്പോൾ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കെ എസ് യു ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷക ജീവിതവും നയിച്ചു.
1982 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് നാദാപുരത്തു നിന്ന് 2000 ൽ പരം വോട്ടുകൾക്ക് തോറ്റു. പിന്നീട് 1987 ലും 1991 ലും കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ച് ജയിച്ചു. 1991 ൽ കെ കരുണാകരൻ – എ കെ ആൻറണി മന്ത്രിസഭകളിൽ ഫിഷറീസ് ആൻഡ് റൂറൽ ഡെവലപ്പ്മെൻറ് മന്ത്രിയായി പ്രവർത്തിച്ചു. 1999 ൽ പാലക്കാടുനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2004 ൽ വടകരയിൽനിന്ന് മത്സരിച്ചപ്പോഴും പരാജയമായിരുന്നു ഫലം. കെ കരുണാകരൻ കോൺഗ്രസ് വിട്ട് ഡി ഐ സി രൂപീകരിച്ചപ്പോൾ അതിലേക്കു പോയ പത്മ പിന്നീട് കോൺഗ്രസിൽ തിരിച്ചു വന്നു. 2013 ൽ കോഴിക്കോട് കോർപറേഷൻ കൗൺസിലറും കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായി പ്രവർത്തിച്ചിട്ടുണ്ട്.