സഹയാത്രികർ കൂട്ടത്തോടെ! അൻവറിനും ജലീലിനും പിന്നാലെ വെടിപൊട്ടിച്ച് കാരാട്ട് റസാഖും, പി ശശിക്കെതിരെ രൂക്ഷ വിമര്‍ശനം

മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പി വി അൻവർ എം എൽ എ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ മുൻ എം എൽ എയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖും രംഗത്ത്. പി ശശി ധിക്കാരിയും അഹങ്കാരിയുമാണെന്നും പദവിയുപയോഗിച്ച് ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കും കൊലയ്ക്കും പി ശശി സംരക്ഷണം നല്‍കുകയാണെന്നും കാരാട്ട് റസാഖ് വിമര്‍ശിച്ചു. പാര്‍ട്ടിക്കാര്‍ക്കല്ല, കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമാണ് ശശി പരിഗണന നല്‍കുന്നതെന്നും റസാഖ് വിമർശിച്ചു.

ക്രമസമാധാന ചുമതലയുളള എ ഡി ജി പി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അന്‍വറിന്റെ ആരോപണം സുപ്രധാന നടപടിയിലേക്ക് നീങ്ങവെയാണ് കാരാട്ട് റസാഖിന്‍റെയും വിമർശനം ഉണ്ടായിരിക്കുന്നത്. നൊട്ടോറിയസ് ക്രിമിനലാണ് അജിത് കുമാറെന്നും ഇതിന് പിന്തുണ നല്‍കുന്നത് ശശിയാണെന്നുമായിരുന്നു അന്‍വറിന്റെ ആരോപണം.

നേരത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പുറത്തുകൊണ്ടുവരാനായി ഒരു പോര്‍ട്ടല്‍ തുടങ്ങുമെന്ന് മറ്റൊരു സി പി എം സഹയാത്രികനായ കെ ടി ജലീൽ എം എൽ എ പ്രഖ്യാപിച്ചിരുന്നു. ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും അവസാന ശ്വാസം വരെ സി പി എം സഹയാത്രികനായി തുടരുമെന്നും സി പി എം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു. എന്തായാലും മലബാറിലെ മൂന്ന് പ്രമുഖ സഹയാത്രികരും വിമർശനം ഉന്നയിച്ചത് സി പി എം നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide