
വെല്ലിങ്ടൺ: ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ വിവാഹിതയായി. ദീര്‍ഘകാല പങ്കാളിയായ ക്ലാര്‍ക്ക് ഗെയ്‌ഫോര്‍ഡാണ് ജസീന്തയുടെ വരൻ. 2022ൽ നടക്കേണ്ടിയിരുന്ന വിവാഹം കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ പേരിലും ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവയ്പ്പിനെ തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളുടേയും പ്രസ്താവനകളുടേയും പേരിലും ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് ജെസീന്ത.
കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജെസീന്തയും ക്ലാര്‍ക്കും ഇവരുടെ അഞ്ച് വയസുകാരിയായ മകള്‍ നീവും ഒരുമിച്ച് തന്നെയാണ് താമസിച്ചുവന്നിരുന്നത്. 2022ല്‍ ജസീന്തയും ക്ലാർക്കും വിവാഹിതരാകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കടുത്ത കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെസീന്ത സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയും മാതൃകാപരമായി പ്രധാനമന്ത്രി സ്വന്തം വിവാഹം മാറ്റിവയ്ക്കുകയുമായിരുന്നു.
തലസ്ഥാനമായ വെല്ലിംഗ്ടണില്‍ നിന്ന് ഏകദേശം 310 കിലോമീറ്റര്‍ വടക്കായി നോര്‍ത്ത് ഐലന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ക്രാഗി റേഞ്ച് വൈനറിയിലെ ഹോക്ക്‌സ് ബേയിലാണ് വിവാഹം നടന്നത്. ജെസീന്തയുടെ സുഹൃത്തും പ്രശസ്ത ഡിസൈനറുമായ ജൂലിയറ്റ് ഹൊഗന്‍ ഡിസൈന്‍ ചെയ്ത വെള്ള ഗൗണാണ് ജെസീന്ത ധരിച്ചത്.
ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ജനുവരിയില്‍ ജെസീന്ത താന്‍ ഭരണത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. രാജിവച്ച് ഒഴിഞ്ഞതിനുശേഷം ജെസീന്ത ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും മൂന്ന് ഫെല്ലോഷിപ്പുകളും നേടിയിരുന്നു.













