
തിരുവനന്തപുരം: മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് നടത്തുന്ന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് ‘മലേഷ്യ എയർലൈൻസ്’. ആഴ്ചയിൽ രണ്ട് ദിവസമുണ്ടായിരുന്ന സർവീസ് ഏപ്രിൽ രണ്ടാം തിയതി മുതൽ ആഴ്ചയിൽ നാല് ദിവസം എന്ന നിലയിലേക്കാണ് ഉയർത്തിയത്. നാളെ മുതൽ സർവീസ് ലഭ്യമാകും.
ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ രാത്രി 12.30-ന് എത്തുന്ന വിമാനം 1.20-ന് പുറപ്പെടും. ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ രാത്രി 12.01-നാണ് സർവീസ് ആരംഭിക്കുക. ബിസിനസ് ക്ലാസ് ഉൾപ്പെടെ 174 സീറ്റുകളാകും ഉണ്ടാകുക. ബോയിങ് 737-800 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് രണ്ട് അധിക സർവീസുകൾ കൂടി ആരംഭിച്ചു. വിസ്താര എയർലൈൻസാണ് രണ്ട് പ്രതിദിന സർവീസുകൾക്ക് കൂടി തുടക്കമിട്ടത്.