
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിലെ ദർഗ നിസാമുദ്ദീൻ ഔലിയ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
ഡൽഹി കർത്തവ്യ പാതയിൽ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവൽ മാക്രോൺ.
ഇന്ത്യയിലെ സൂഫി സംസ്കാരത്തിൻ്റെ നാഡീ കേന്ദ്രമായ ഏകദേശം 700 വർഷം പഴക്കമുള്ള ആരാധനാലയത്തിൽ രാത്രി 9.45 ന് അദ്ദേഹം എത്തിച്ചേരുകയും അരമണിക്കൂറിലധികം അവിടെ തങ്ങുകയും ചെയ്തു.
പ്രശസ്ത സൂഫി നിസാമുദ്ദീൻ ഔലിയയുടെയും അദ്ദേഹത്തിൻ്റെ ശിഷ്യൻ അമീർ ഖുസ്രുവിൻ്റെയും ശവകുടീരമാണ് ദർഗ.
കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ മാക്രോൺ ഇന്ത്യയിലെത്തിയത്. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച വിരുന്നിലും മാക്രോൺ പങ്കെടുത്തു.