
ന്യൂഡല്‍ഹി: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായെ പ്രഖ്യാപിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഹോസ്വാ ബെയ്ഹൂവാണ് (73) പുതുതായി സ്ഥാനമേല്‍ക്കുക. പ്രധാനമന്ത്രിയായിരുന്ന മൈക്കല്‍ ബാര്‍നിയര്‍ അവിശ്വാസപ്രമേയത്തില്‍ പുറത്തായി ഒന്‍പതാം ദിവസമാണ് മാക്രോണിന്റെ കരുനീക്കം. ഏതാനും ദിവസത്തിനുള്ളില്‍ മന്ത്രിസഭാ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ഇമ്മാനുവല്‍ മാക്രോണ്‍ നയിക്കുന്ന ഭരണമുന്നണിയില്‍ 2017 മുതല്‍ സഖ്യകക്ഷിയായ മൊഡെം പാര്‍ട്ടിയുടെ സ്ഥാപകനാണ് ബെയ്ഹൂ. ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നു തവണ മല്‍സരിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് മിതവാദി നേതാവായ ബെയ്ഹൂ. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാണ് മക്രോ ബെയ്ഹൂവിനെ നിയമിച്ചത്.