പുറത്താക്കുമെന്ന് കേന്ദ്ര സർക്കാർ; ഫ്രഞ്ച് മാധ്യമപ്രവർത്തക വനേസ ഡഗ്‌നാക്ക് ഇന്ത്യ വിട്ടു

ഇന്ത്യയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണിക്കു പിന്നാലെ ഫ്രഞ്ച് മാധ്യമപ്രവർത്തക വനേസ ഡഗ്‌നാക്ക് ഇന്ത്യ വിട്ടു. ഇരുപത്തിയഞ്ച് വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന വനേസ ഡഗ്നാക്ക് ഫെബ്രുവരി 16 നാണ് ഇന്ത്യ വിടുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് നൽകിയെന്നാണ് വനേസയ്ക്ക് എതിരെയുള്ള പ്രധാന ആരോപണം.

നേരത്തെ വനേസയുടെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് രണ്ടാഴചയ്ക്കുള്ളിൽ അസാധുവാക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യം വിടുന്നതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് വനേസ പങ്കുവെച്ചു. ”ഇന്ന്, ഞാൻ ഇന്ത്യ വിടുകയാണ്, 25 വർഷം മുമ്പ് ഒരു വിദ്യാർഥിയായി വന്ന ഞാൻ, 23 വർഷം ഒരു പത്രപ്രവർത്തകനായി ജോലി ചെയ്ത രാജ്യം. ഞാൻ വിവാഹം കഴിച്ചതും എന്റെ മകനെ വളർത്തിയതും എന്റെ വീട് എന്ന് വിളിക്കുന്നതുമായ സ്ഥലം,” എന്നായിരുന്നു വനേസയുടെ കുറിപ്പ്.”പതിനാറ് മാസം മുമ്പ്, ആഭ്യന്തര മന്ത്രാലയം ഒരു മാധ്യമപ്രവർത്തകയായി പ്രവർത്തിക്കാനുള്ള എന്റെ അവകാശം നിരസിച്ചു, കാരണങ്ങളോ ന്യായീകരണങ്ങളോ പറഞ്ഞിരുന്നില്ല അതിനുശേഷം, ഈ ഏകപക്ഷീയമായ നടപടിയുടെ വിശദീകരണത്തിനോ അവലോകനത്തിനോ വേണ്ടിയുള്ള എന്റെ ആവർത്തിച്ചുള്ള അഭ്യർഥനകളോട് മന്ത്രാലയം ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല” വനേസ വ്യക്തമാക്കുന്നു.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സർക്കാർ തനിക്ക് നൽകിയ നോട്ടീസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന നിയമനടപടികളുടെ ഫലത്തിനായി കാത്തിരിക്കാനാവില്ലെന്ന് വനേസ പറഞ്ഞു.

മാധ്യമപ്രവർത്തനം ഉപേക്ഷിക്കണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നെന്നും പക്ഷേ പത്രപ്രവർത്തനം തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരു തൊഴിലാണെന്നും തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ കാരണം അത് ഉപേക്ഷിക്കാനാവില്ലെന്നും വനേസ എഴുതി.തനിക്ക് പിന്തുണ പ്രഖ്യാപിച്ച എല്ലാവർക്കും നന്ദി പറഞ്ഞ വനേസ ഡൽഹി തന്റെ പ്രിയപ്പെട്ട നഗരമായിരുന്നെന്നും ഒരു ദിവസം എനിക്ക് ഇന്ത്യയിലേക്ക് തിരികെ വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നെന്നും കുറിപ്പിൽ പറഞ്ഞു.

നാല് ഫ്രഞ്ച് പ്രസിദ്ധീകരണങ്ങളുടെ സൗത്ത് ഏഷ്യ കറസ്പോണ്ടന്റായ ഡഗ്നാക്കിന്റെ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ അസാധുവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ലാ ക്രോയിക്സ്, ലെ പോയിന്റ്, സ്വിസ് പത്രമായ ലെ ടെംപ്സ്, ബെൽജിയൻ ദിനപത്രമായ ലെ സോയർ എന്നിവയ്ക്ക് വേണ്ടിയായിരുന്നു വനേസ ഡഗ്‌നാക്ക് പ്രവർത്തിച്ചിരുന്നത്. 

 ഇന്ത്യയെക്കുറിച്ച് ‘നിഷേധാത്മക ധാരണ’ സൃഷ്ടിച്ച റിപ്പോർട്ടിങ്, നിയന്ത്രിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി വാങ്ങാതിരിക്കൽ, അയൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യൽ തുടങ്ങിയ കാരണങ്ങളാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ എല്ലാ ആരോപണങ്ങളും നിരസിച്ചുകൊണ്ട് അവർ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയും നിയമനടപടികളുമായി തന്റെ പൂർണ സഹകരണം ഉറപ്പിക്കുകയും ചെയ്തിരുന്നു.

French Journalist Vanessa Dougnac Left India Amid Expulsion Threats

More Stories from this section

family-dental
witywide