ന്യൂയോർക്ക്: ലാസ് വെഗാസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെ ഫ്രോണ്ടിയർ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു. സാൻ ഡീഗോയിൽ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കിടെ പുക കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
വിമാനം ഇറങ്ങിയ ഉടൻ ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. വിമാനത്തിലുണ്ടായിരുന്ന 190 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും എയർസ്റ്റെയർ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കിയെന്നും ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ നിന്നും ഇറക്കിയ യാത്രക്കാരെ പിന്നീട് ടെർമിനലിലേക്ക് മാറ്റി.
ശനിയാഴ്ചയായിരുന്നു സംഭവം ഉണ്ടായതെന്നും തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് ഫ്രോണ്ടിയർ എയർലൈൻസ് അറിയിച്ചു. അധികൃതർ സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ശനിയാഴ്ച വൈകീട്ട് ഏഴുമണിവരെ ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തി. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം തുടരുകയാണ്.















