ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; പിതാവ് ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ് ഉത്തരവ്. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയിലാണ് ഉത്തരവ്. പിതാവ് ഹാജരാക്കിയ തെളിവുകള്‍ കോടതി അംഗീകരിച്ചുകൊണ്ടാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജെയിംസിന് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളണമെന്നും കൂടുതല്‍ തെളിവു ഹാജരാക്കാമെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നാണ് ജെസ്‌നയുടെ പിതാവ് ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ തെളിവുണ്ടെങ്കില്‍ അന്വേഷണം തുടരുമെന്ന് സിബിഐയും അറിയിച്ചിരുന്നു.