‘കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്’; പാർട്ടിക്കെതിരെ ജി. സുധാകരൻ

കായംകുളം: 2001ൽ കായംകുളം സീറ്റിൽ മത്സരിച്ചപ്പോൾ താൻ തോറ്റത് ചിലർ കാലുവാരിയത് കൊണ്ടാണെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. സോഷ്യലിസ്റ്റ് നേതാവ് പി.എ. ഹാരിസ് അനുസ്മരണ സമ്മേളനത്തിലായിരുന്നു സുധാകരന്‍റെ വിമർശനം.

കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ കായംകുളത്തുണ്ടെന്നും മത്സരിച്ച് വിജയിച്ചതെല്ലാം യു.ഡി.എഫിന് മുൻതൂക്കമുള്ള സീറ്റുകളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ. ചെല്ലപ്പൻ തനിക്കെതിരെ നിന്നു. തനിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞു. മൂന്നൂറ് വോട്ട് ആണ് ആ ഭാഗത്ത് മറിഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.

“ഒരാളേയും ഞാൻ വിശ്വസിക്കില്ല. നിങ്ങൾ കാലുവാരുന്നവരാണ്. എല്ലാരും എന്നല്ല. അതൊരു കലയായി കൊണ്ടുനടക്കുന്ന കുറച്ച് ആളുകൾ ഇവിടെ ഉണ്ട്. അത് എപ്പോഴും ഉണ്ടാകും. രണ്ട് എതിർ സ്ഥാനാർഥികൾ കാലുമാറി. ഓരോ ദിവസവും കാലുവാരുന്നത് ഞാൻ കണ്ടുകൊണ്ടിരിക്കുകയാ. ഇത് എന്ത് ഏർപ്പാടാണ്. നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷം. മനസ്സിൽ ഒന്ന് കരുതുക, പുറകിൽ ഉടുപ്പിന്റെ ഇടയിൽ കഠാര ഒളിച്ചുപിടിക്കുക കുത്തുക.. ഇതൊന്നും ശരിയായ കാര്യമല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

2001 ഏപ്രിൽ 13ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ എം.എം. ഹസനാണ് ജി. സുധാകരനെ പരാജയപ്പെടുത്തിയത്. 1764 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഹസന്‍റെ വിജയം. എം.എം. ഹസന് 52444 വോട്ടും ജി. സുധാകരന് 50680 വോട്ടും ലഭിച്ചു.