
കോട്ടയം: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ 2015ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പ് ദിവസം എൻഎസ്എസ് ആസ്ഥാനത്ത് നിന്ന് ഇറക്കിവിട്ടതിൽ വിശദീകരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ബജറ്റ് അവതരിപ്പിക്കുന്ന പ്രതിനിധി സഭ ഹാളില്‍ അനുമതി കൂടാതെ കയറാന്‍ ശ്രമിച്ച സുരേഷ് ഗോപിയോട് പുറത്തു പോകാന്‍ സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു.
ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ചില ലക്ഷ്യങ്ങളോടെയാണ് സന്ദർശനം നടത്തിയത്. യോഗ സ്ഥലത്ത് വരെ എത്താനുള്ള അടുപ്പം എൻ.എസ്.എസിനോട് ഉണ്ടെന്ന് കാണിക്കുകയായിരുന്നു. തെറ്റ് സമ്മതിച്ച സുരേഷ് ഗോപിയെ കൊണ്ട് ബി.ജെ.പി മാപ്പ് പറയിപ്പിച്ചതാണെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.
മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി ഹാളിലെത്തിയത്. സമ്മേളന ഹാളിൽ പ്രവേശിച്ച സുരേഷ് ഗോപി ജനറല്‍ സെക്രട്ടറിയുടെ ഇരിപ്പിടത്തിന് അരികിലെത്തി. എന്നാൽ സീറ്റിൽ നിന്ന് എഴുന്നേറ്റ സുകുമാരന്‍ നായര്‍ രൂക്ഷമായി പ്രതികരിച്ചു. ‘എന്തിനാണ് നിങ്ങള്‍ ഇവിടേക്ക് വന്നത്’ എന്ന് ചോദിച്ച ശേഷം ‘ഇതൊന്നും എനിക്കിഷ്ടമില്ല’ എന്നദ്ദേഹം ഇംഗ്ലഷില്‍ പറഞ്ഞു.
തുടർന്ന് മറുപടിയൊന്നും പറയാതെ സുരേഷ് ഗോപി സമ്മേളന ഹാളിൽ നിന്ന് ഉടൻ തന്നെ പുറത്തിറങ്ങി. സംഭവം പ്രതിനിധികളോട് വിവരിച്ച സുകുമാരന്‍ നായർ, ചെയ്തതില്‍ തെറ്റുണ്ടോയെന്ന് ചോദിച്ചപ്പോൾ കൈയടിയോടെയാണ് പ്രതിനിധികള്‍ ജനറല്‍ സെക്രട്ടറിയുടെ നടപടി അംഗീകരിച്ചത്.