
എറണാകുളം കോലഞ്ചേരിയിലെ കോളേജില്‍ നടന്ന പരിപാടിക്കിടെ പാട്ടുപാടിക്കൊണ്ടിരുന്ന ജാസി ഗിഫ്റ്റിന്റെ കയ്യില്‍ നിന്നും മൈക്ക് പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രിന്‍സിപ്പല്‍ ചെയ്തത് ഇഷ്ടപ്പെടാതെ ജാസി ഗിഫ്റ്റ് വേദി വിടുകയും ചെയ്തിരുന്നു.
ഗായകരും പ്രമുഖരുമടക്കം ജാസിക്ക് പിന്തുണ അറിയിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവാകട്ടെ വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ ജാസി ഗിഫ്റ്റിന് പൂര്‍ണ പിന്തുണയുമായി ഗായകന്‍ ജി വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ് ബുക്കിലൂടെയാണ് വേണുഗോപാലിന്റെ പ്രതികരണം.
വേണുഗോപാലിന്റെ വാക്കുകള്‍…
ഒരു പാട്ടുകാരന്‍, കലാകാരന്‍, അയാള്‍ വേദിയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ വേദിയില്‍ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിന്‍സിപ്പലാണു് ഇത് ചെയ്തത് എന്ന് കേള്‍ക്കുമ്പോള്‍ നടുക്കം. കലാലയങ്ങള്‍ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോള്‍ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേര്‍ന്ന് വരുന്നവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിന്‍സിപ്പള്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ല്‍ ഞാന്‍ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ’ എന്ന പാട്ടാണ്. ‘അതെന്റെ കയ്യില്‍ നിന്നും പോയി ചേട്ടാ’ എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നര്‍മ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാന്‍ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം……
‘ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ ‘
തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു?
G Venugopal supports Jazz Gift











