
റാഞ്ചി: കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി മറുകണ്ടം ചാടിയത് ഝാർഖണ്ഡ് കോൺഗ്രസിന്റെ ഏക എംപി ഗീത കോഡയാണ്. ബിജെപി സംസ്ഥാന മേധാവി ബാബുലാൽ മറാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു ഗീതയുടെ പാർട്ടി പ്രവേശം. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീത കോഡ.
സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുണ്ടാക്കിയ സഖ്യങ്ങളിൽ അതൃപ്തിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗീത നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുമാറ്റം. കോൺഗ്രസ് പ്രീണനരാഷ്ട്രീയം നടത്തുകയാണെന്നായിരുന്നു ബിജെപി പ്രവേശനത്തിന് പിന്നാലെ ഇവരുടെ പ്രതികരണം. കോൺഗ്രസ് രാജ്യത്തെ നാശത്തിലേക്ക് തള്ളിവിട്ടെന്നും ഭാവിയിൽ ബിജെപിക്കൊപ്പം ചേർന്ന് ജനങ്ങൾക്കായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും ഗീത പറഞ്ഞു.
“കോൺഗ്രസ് രാജ്യത്തെ നാശത്തിലേക്ക് തള്ളിവിട്ടു. കോൺഗ്രസ് പ്രീണന രാഷ്ട്രീയം മാത്രമാണ് ചെയ്യുന്നത്. ഒരു വശത്ത് എല്ലാവരേയും കൂടെ കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നു, പക്ഷേ അവർ ആരെയും ശ്രദ്ധിക്കുന്നില്ല, അവരുടെ കുടുംബത്തെക്കുറിച്ച് മാത്രമാണ് ആശങ്ക. ജനങ്ങളെ കുറിച്ച് തീരെ താൽപ്പര്യമില്ലാത്ത ഒരു പാർട്ടിയിൽ തുടരുക പ്രയാസമാണ്. ഭാവിയിൽ ബിജെപിക്കൊപ്പം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് തീരുമാനം. പാർട്ടി ആവശ്യപ്പെടുന്ന എല്ലാ പ്രവർത്തനവും ചെയ്യാൻ തയ്യാറാണ്. ഇന്ത്യയെ വികസിത ഭാരതമാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യും,” ഗീത കൂട്ടിച്ചേർത്തു.