
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന നിലവിലെ പ്രസിഡന്‍റ് ജോ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. ബൈഡനോട് പിന്മാറാൻ ആവശ്യപ്പെട്ട് ദിനം പ്രതി കൂടുതൽ പ്രമുഖർ രംഗത്തെത്തുകയാണ്. ഹോളിവുഡ് താരവും ഡെമോക്രാറ്റ് പാർട്ടി അനുഭാവിയുമായ ജോർജ് ക്ലൂണിയാണ് ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയ ഏറ്റവും ഒടുവിലെ പ്രമുഖൻ. 2020 ൽ ട്രംപിനെ പരാജയപ്പെടുത്തിയ ബൈഡനല്ല ഇപ്പോഴുള്ളതെന്നാണ് ക്ലൂണി പറയുന്നത്. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും ബൈഡനെ അലട്ടുന്നുണ്ടെന്നും മറ്റാരെങ്കിലുമാകണം ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെന്നും ക്ലൂണി ആവശ്യപ്പെട്ടു.
ഡൊമാക്രാറ്റ് പാർട്ടിക്കുള്ളിലെ മുതിർന്ന അംഗങ്ങളടക്കം നേരത്തെ ബൈഡൻ പിന്മാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പൊതുവേദികളിലെ ബൈഡന്‍റെ പെരുമാറ്റം ആശാവഹമല്ലെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിലുള്ളത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തിൽ ട്രംപിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതായതോടെയാണ് ബൈഡന് മേൽ സമ്മർദ്ദം ശക്തമായത്.