കമ്പനിയുടെ ക്ലൗഡ് കംപ്യൂട്ടിംഗ് കരാറായ പ്രൊജക്ട് നിംബസിനെതിരായ പ്രതിഷേധത്തെ തുടർന്ന് ഏപ്രിലിൽ ഗൂഗിൾ 28 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇസ്രയേലുമായുള്ള പദ്ധതിയെച്ചൊല്ലി പിരിച്ചുവിട്ട ജീവനക്കാർ കാലിഫോർണിയയിലെയും ന്യൂയോർക്കിലെയും ഗൂഗിൾ ഓഫീസുകളിൽ കുത്തിയിരിപ്പ് സമരം നടത്തി. ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ്റെ ഓഫീസിലെ ചില ജീവനക്കാരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം, ക്ലൗഡ് കംപ്യൂട്ടിങ് കരാറിനെതിരെ പ്രതിഷേധിച്ച ജീവനക്കരെ മാത്രമല്ല ഗൂഗിൾ പിരിച്ചുവിട്ടത്. പ്രതിഷേധം കണ്ടുനിന്നവരെയും കമ്പനി പിരിച്ചുവിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയും പ്രതിഷേധക്കാരോട് “നാല് മിനിറ്റ്” സംസാരിക്കുകയും ചെയ്തതിനാണ് തന്നെ പുറത്താക്കിയതെന്ന് മുൻ ഗൂഗിൾ ജീവനക്കാരൻ ദി വെർജിനോട് പറഞ്ഞു. മൂന്ന് വർഷമായി കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് ഇദ്ദേഹം.
ഗൂഗിളിൻ്റെ ന്യൂയോർക്ക് ഓഫീസിൻ്റെ പത്താം നിലയിലെ ഉച്ചഭക്ഷണ സമയത്താണ് താൻ ഈ ദൃശ്യം കാണുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. ആ സമയത്ത്, മാച്ചിംഗ് ടീ-ഷർട്ടുകൾ ധരിച്ച 20 ഓളം പേർ നിലത്തിരുന്ന് പ്രതിഷേധിക്കുന്നത് അദ്ദേഹം കണ്ടു. താൻ സമരക്കാർക്കൊപ്പം ചേർന്നില്ലെങ്കിലും ഫ്‌ളെയറുകൾ വിതരണം ചെയ്യുന്ന മറ്റ് ജീവനക്കാരോട് സംസാരിച്ചതായി ജീവനക്കാരൻ പറഞ്ഞു. വർക്ക് ഡെസ്‌കിൽ തിരിച്ചെത്തിയ അദ്ദേഹം അവരോട് കുറച്ച് മിനിറ്റ് സംസാരിച്ചുവെന്ന് ജീവനക്കാരൻ പറഞ്ഞു.
“ഞാൻ അവരുമായി ഒരു നാല് മിനിറ്റ് ചാറ്റ് ചെയ്തു. അതിനുശേഷം, ജോലി കഴിഞ്ഞ് ഞാൻ അന്ന് പോയെങ്കിലും വൈകുന്നേരം ഗൂഗിളിൽ നിന്ന് എന്നെ പുറത്താക്കിയതായി അറിയിച്ചുകൊണ്ട് ഒരു ഇമെയിൽ ലഭിച്ചു.”