
ന്യൂഡല്‍ഹി: ഇന്ത്യക്ക് പുറത്തേക്കും യുപിഐ പേയ്മെന്റ് സംവിധാനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. യുപിഐ പേയ്മെന്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടു.
വിദേശത്ത് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രക്കാര്‍ക്ക് പണം കൈവശം കരുതുന്നതിന് വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നത്.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്സ്ചേഞ്ച് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയും.
യുപിഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള പണമയയ്ക്കല്‍ പ്രക്രിയ ലഘൂകരിക്കുന്നതിലും അതുവഴി അതിര്‍ത്തി കടന്നുള്ള സാമ്പത്തിക വിനിമയം ലളിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഗൂഗിള്‍ പേ പ്രസ്താവനയില്‍ പറഞ്ഞു.