
ന്യൂഡല്‍ഹി: കോട്ടയം ജില്ലയിലെ പാലാ രാമപുരം സ്വദേശിയായ ആനി ജോര്‍ജ് മാത്യു കേന്ദ്ര ധന കമ്മീഷനംഗം. ആനി ജോർജ് മാത്യു അടക്കം മൂന്ന് മുഴുസമയ അംഗങ്ങളെയും ഒരു താത്കാലിക അംഗത്തെയും പതിനാറാം ധനകാര്യ കമ്മീഷനില്‍ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയെ ചെയര്‍മാനായി നിയമിച്ചതിനു പിന്നാലെയാണു ധന കമ്മീഷന്‍ അംഗങ്ങളെ പ്രഖ്യാപിച്ചത്. ധനവകുപ്പിലെ എക്‌സ്‌പെന്‍ഡിച്ചര്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്നു ആനി ജോര്‍ജ് മാത്യു, 15-ാം ധനകാര്യ കമ്മീഷന്‍ അംഗം കൂടിയായ മുന്‍ ധന, എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി അജയ് നാരായണ്‍ ഝാ, ആര്‍ത്ത ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിരഞ്ജന്‍ രാജധ്യക്ഷ എന്നിവരെ മുഴുവന്‍ സമയ അംഗങ്ങളായാണു നിയമിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസറായ സൗമ്യ കാന്തി ഘോഷിനെ കമ്മീഷനില്‍ പാര്‍ട്ട് ടൈം അംഗമായും നിയമിച്ചു. 2025 ഒക്ടോബര്‍ 31നകം ശുപാര്‍ശകള്‍ നല്‍കാനാണു കമ്മീഷനോടു നിര്‍ദേശിച്ചിരിക്കുന്നത്. 2026 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമാണ് പ്രധാനമായും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുക.
കോട്ടയം ജില്ലയിലെ രാമപുരം കച്ചിറമറ്റം കെ.കെ. മത്തായി, ആനി ദമ്പതികളുടെ മകളാണ് ആനി ജോര്‍ജ് മാത്യു. എസ്.ജി. മാത്യുവാണ് ഭര്‍ത്താവ്. ഫ്രാന്‍സില്‍ ഇക്കണോമിക്‌സില്‍ പിഎച്ച്ഡി ചെയ്യുന്ന റോവീന, നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ ജോലി ചെയ്യുന്ന ഷാനണ്‍ എന്നിവര്‍ മക്കളാണ്. 1988 ബാച്ച് ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍ (ഐഎഎഎസ്) ഉദ്യോഗസ്ഥയായി കേന്ദ്രസര്‍വീസില്‍ പ്രവേശിച്ച ആനി കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്ര ധനവകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായി വിരമിച്ചു.
ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യയിലും വിദേശത്തും നിരവധി തസ്തികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസുകളിലടക്കം പ്രവര്‍ത്തിച്ചതിലൂടെ കേന്ദ്ര, സംസ്ഥാന ധനകാര്യ കാര്യങ്ങളില്‍ വിദഗ്ധയാണ്. മണിപ്പുര്‍ കേഡറിലെ 1982 ബാച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഝാ 15-ാം ധനകാര്യ കമ്മീഷനില്‍ അംഗവും 14-ാം ധനകാര്യ കമ്മീഷന്റെ മെമ്പർ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.