രേഖയില്ലാത്തവര്‍ കയ്യേറ്റക്കാര്‍ തന്നെയെന്ന് ഹൈക്കോടതി; ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്ക് പട്ടയം നല്‍കരുതെന്നും നിര്‍ദ്ദേശം

കൊച്ചി: രേഖയില്ലാത്തവര്‍ കയ്യേറ്റക്കാര്‍ തന്നെയെന്ന് ഹൈക്കോടതി. നിയമപരമായ അവകാശ രേഖകള്‍ ഇല്ലാത്തവരെ കയ്യേറ്റക്കാരായി കാണേണ്ടി വരുമെന്നാണ് കോടതിയുടെ നിലപാട്. ഇടുക്കി ജില്ലയില്‍ കൈവശ ഭൂമിയില്‍ ഉടമസ്ഥത, പാട്ടം തുടങ്ങിയ അവകാശങ്ങള്‍ക്കു രേഖകളില്ലാത്ത ആര്‍ക്കും ഇനിയൊരു ഉത്തരവു വരെ പട്ടയം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കൈവശക്കാരെന്ന പേരില്‍ മൂന്നാര്‍ മേഖലയില്‍ കയ്യേറ്റക്കാര്‍ക്കു പട്ടയം നല്‍കുകയാണെന്ന് ആരോപിച്ച് ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇടുക്കി ജില്ലയ്ക്കു മാത്രമാണു വിധി നിലവില്‍ ബാധകമെങ്കിലും ബന്ധപ്പെട്ട ഭൂപതിവു ചട്ട വ്യവസ്ഥകള്‍ തന്നെ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചതിനാല്‍ സംസ്ഥാനമൊട്ടാകെ കൈവശ ഭൂമിയിലെ പട്ടയ നടപടികള്‍ നിയമക്കുരുക്കിലായേക്കാം.

ഭൂമി കയ്യേറിയവര്‍ക്കു പോലും പട്ടയം നല്‍കാന്‍ അധികാരപ്പെടുത്തുന്ന ഭൂപതിവു ചട്ടത്തിന്റെ 5,7 വ്യവസ്ഥകളുടെ സാധുത പരിശോധിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ വിശദീകരണം തേടുമെന്നും കോടതി വ്യക്തമാക്കി. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുടിയേറ്റ കര്‍ഷകര്‍ക്കും മറ്റും പട്ടയം നല്‍കുന്നതെന്ന് ഇനിയുള്ള നടപടികളില്‍ സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടി വരും.

1964 ലെ കേരള ഭൂപതിവു ചട്ടപ്രകാരം കൈവശഭൂമിക്കു പട്ടയം നല്‍കുന്നതിനു മാത്രമാണ് ഉത്തരവു ബാധകം. ഇത്തരം പട്ടയ വിതരണം നിര്‍ത്തിവയ്ക്കാന്‍ ഇടുക്കി കലക്ടര്‍ക്കും അധികാരപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. അതേസമയം, ഭൂരഹിതര്‍, ആദിവാസികള്‍, വിമുക്തഭടന്മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കുള്ള പട്ടയ നടപടികളെ ഉത്തരവു ബാധിക്കില്ല.

More Stories from this section

family-dental
witywide