
കനേഡിയന്‍ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പലരും കാനഡയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥി വിസയിലും മറ്റുമായി ഇത്തരത്തില്‍ എത്തി കുടിയേറുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. കനേഡിയന്‍ പൗരത്വം ലോകമെമ്പാടും വളരെ വിലമതിക്കുന്ന ഒന്നുകൂടിയാണ്.
ഇപ്പോഴിതാ കനേഡിയന്‍ പൗരത്വം നേടുന്നതില്‍ ആശ്വാസവും ആകര്‍ഷകവുമായ ഒരു മാറ്റം കൂടി ഉണ്ടായിരിക്കുകയാണ്. രാജ്യത്തിന് പുറത്ത് ജനിക്കുന്ന ചില കുട്ടികള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമനിര്‍മ്മാണം ഉള്‍പ്പെട്ട ബില്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ഇന്ന് അവതരിപ്പിച്ചു. ഇതനുസരിച്ച് കനേഡിയന്‍ പൗരനായ രക്ഷിതാവിൻ്റെ കാനഡയ്ക്ക് പുറത്ത് ജനിച്ച കുട്ടിക്കും പൗരത്വം ലഭിക്കും.
2009-ല്‍, കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നിയമം മാറ്റിയിരുന്നു. അതിനാല്‍ വിദേശത്ത് ജനിച്ച് കാനഡയിൽ പിന്നീട് പൌരത്വം നേടിയ മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടി കാനഡയില്‍ ജനിച്ചില്ലെങ്കില്‍ കാനഡ പൌരത്വം ലഭിക്കില്ലായിരുന്നു. ആ കുട്ടി കാനഡയിൽ എത്താൻ ആശ്രിത വിസ വേണമായിരുന്നു. ഇപ്പോഴത്തെ പുതിയ നിയമ പ്രകാരം ഇനി ആ പ്രശ്നം ഇല്ല.
ഉദാഹരണത്തിന് കേരളത്തിൽ നിന്ന് കാനഡയിൽ പോയി അവിടെ പൌരത്വം നേടിയവരുടെ കുട്ടി ജനിക്കുന്നത് കേരളത്തിലാണെങ്കിലും ആ കുട്ടിക്ക് കാനഡയുടെ പൌരത്വം ലഭിക്കും. ഇതുവരെ അങ്ങനെ അല്ലായിരുന്നു. കേരളത്തിലാണ് കുട്ടി ജനിച്ചതെങ്കിൽ ആശ്രിത വീസയിൽ കാനഡയിൽ പോയി. അവിടെ എത്തി പൌരത്വത്തിന് അപേക്ഷിക്കണമായിരുന്നു. ഒരുപാട് സാങ്കേതിക നൂലാമാലകളുണ്ടായിരുന്നു അതിന്. പുതിയ നിയമം അനുസരിച്ച് വിദേശത്ത് ജനിച്ച കുട്ടിക്ക് സ്വയമേവ കനേഡിയൻ പൗരത്വം ലഭിക്കും. ആ കുട്ടിയുടെ രക്ഷിതാക്കൾ 3 വർഷമെങ്കിലും കാനഡയിൽ സ്ഥിരമായി താമസിച്ചിരുന്ന കനേഡിയൻ പൌരന്മാരായിരിക്കണം .









