
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറെ നൂലാമാലകള്‍ പൊട്ടിച്ച് വെളിച്ചത്തേക്ക്. റിപ്പോര്‍ട്ട് ഇന്ന് ഉച്ചയ്ക്ക് 2.30 ന് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്ന് റിപ്പോര്‍ട്ടിന്റെ 233 പേജുകളാകും പുറത്തുവരിക. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങളും ആളുകളെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങളും ഒഴിവാക്കും.
റിപ്പോര്‍ട്ടിലെ 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി, 49ാംപേജിലെ 96ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കില്ല, 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും വെളിപ്പെടുത്തില്ല. അനുബന്ധവും പുറത്തുവിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറുക. അപേക്ഷിച്ചവരോട് ഇന്ന് ഉച്ചയ്ക്ക് ഹാജരാകാന്‍ സാംസ്‌കാരിക വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടി രഞ്ജിനിയുടെ ഹര്‍ജി കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് എത്തിയത്.
അതിനിടെ നടി രഞ്ജിനിയുടെ ഹര്‍ജി ഇന്ന് തന്നെ സിംഗിള്‍ ബെഞ്ച് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇന്നുതന്നെ പരിഗണിക്കാന്‍ സിംഗിള്‍ ബഞ്ചിനോട് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. പിന്നാലെ രഞ്ജിനിയുടെ അഭിഭാഷകര്‍ ഇതിനായി നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.











