
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നു. ശമ്പളം മുടങ്ങിയത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനും പ്രതിദിനം പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നില്‍ക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചര്‍ച്ചക്കും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ശമ്പളം നല്‍കാനാത്തത് ഇതിനോടകം സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും ജീവനക്കാരുടെ രോഷത്തിന് സര്‍ക്കാരിനെ ഇരയാക്കുകയും ചെയ്തിട്ടുണ്ട്.