ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി. അമ്പുനാട് അന്തിനാട് സ്വദേശിനി നിമിഷ തമ്പിയെ കൊലപ്പെടുത്തിയ കേസില്‍ മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ല (44) യെയാണ് കോടതി ശിക്ഷിച്ചത്.

മോഷണം തടയാന്‍ ശ്രമക്കുന്നതിനിടെയാണ് ബിരുദവിദ്യാര്‍ത്ഥിനിയായ നിമിഷ കൊല്ലപ്പെടുന്നത്. 2018 ജൂലൈ 30ന് തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി വല്യമ്മയുടെ മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് നിമിഷയ്ക്ക് കുത്തേറ്റത്. ആക്രമണം തടയാന്‍ ശ്രമിച്ച നിമിഷയുടെ വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തിപരിക്കേല്‍പ്പിച്ചു.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ച് കവര്‍ച്ച, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രതിക്കുമേല്‍ ചുമത്തിയായിരുന്നു കേസ്. വിചാരണ വേളയില്‍ നാല്‍പത് സാക്ഷികളെ കോടതി വിസ്തരിച്ചു.

More Stories from this section

family-dental
witywide