
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ഉൾപ്പെടെ നാലു കേസുകളിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് സ്വീകരണമൊരുക്കാൻ യൂത്ത് കോൺഗ്രസ്. ജയിൽമോചിതനാകുന്ന രാഹുലിനെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്നു മാത്രം രണ്ടു കേസുകളിൽ രാഹുലിന് ജാമ്യം ലഭിച്ചു. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ സെഷൻസ് കോടതിയുമാണ് പരിഗണിച്ചത്. ജാമ്യ ഉപാധികൾ കോടതിയിൽ നൽകിയാൽ രാഹുലിന് ഇന്നുതന്നെ പുറത്തിറങ്ങാം. രാഹുലിനെ ജനുവരി ഒൻപതിനു പുലർച്ചെ അടൂരിലെ വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാറിന്റെ പ്രതികാര നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്താൻ തീരുമാനിച്ച നൈറ്റ് മാർച്ച് ഒഴിവാക്കും. പകരം ആഹ്ലാദപ്രകടനം നടത്താനാണ് തീരുമാനം. അതേസമയം, തങ്ങളുടെ പ്രവർത്തകർക്ക് നേരെ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊലീസ്, ഭരണകൂട വേട്ടക്കെതിരെ പ്രതിഷേധം തുടരുമെന്നും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.