
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് എടത്തനാട്ടുകരയിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിൽ കൊണ്ടുപോയി ജ്യൂസടിച്ച് കുടിച്ച മൂന്ന് പേർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിൽ. 4 വയസുകാരി ഉൾപ്പെടെയുള്ള 3 പേർക്കാണ് ജ്യൂസ് കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23) ഇവരുടെ മകൾ ഹൈറ മറിയം (4) എന്നിവരാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലുള്ളത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.
മണ്ണാർക്കാട് എടത്തനാട്ടുകരയിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തി ജ്യൂസ് ഉണ്ടാക്കി കുടിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ജ്യൂസ് കുടിച്ചതിന് പിന്നാലെ തുടങ്ങിയ ഛർദ്ദി ഏറെനേരം കഴിഞ്ഞിട്ടും നിന്നില്ല. ഛർദ്ദിയെ തുടർന്ന് 3 പേരും അവശരായി കുഴഞ്ഞു വീഴുകയായിരുന്നു എന്നും കുടുംബം വ്യക്തമാക്കി. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. കുടുംബം മുന്തിരി വാങ്ങിയ കടയിലെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്തിരി ശേഖരിച്ച് സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയുടെ ഫലം കിട്ടിയാൽ മാത്രമേ മുന്തിരിയിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്ന സ്ഥിരികരിക്കാൻ സാധിക്കു എന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Grape juice food poison 3 persons admitted in Palakkad hospital











