
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി ജനാധിപത്യത്തിന് വലിയ അനുഗ്രഹമാണെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി പ്രതികരിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സുപ്രീം കോടതിയിൽ നിന്നുണ്ടായ ഏറ്റവും ചരിത്രപരമായ വിധിയാണിതെന്നും ഇന്ത്യയുടെ ജനാധിപത്യത്തിന് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമാണിതെന്നും, അദ്ദേഹം പറഞ്ഞു.
“ഇത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കും. ഇക്കാലത്ത് സംഭവിക്കാവുന്ന ഏറ്റവും വലിയ കാര്യമാണ് ഈ വിധി. കഴിഞ്ഞ അഞ്ച്-ഏഴ് വർഷത്തിനിടെ സുപ്രീം കോടതിയിൽ നിന്ന് നമുക്ക് ലഭിച്ച ഏറ്റവും ചരിത്രപരമായ വിധിയാണിത്. ഇത് ജനാധിപത്യത്തിന് വലിയ അനുഗ്രഹമാണ്.” ഖുറൈഷി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
“കഴിഞ്ഞ കുറേ വർഷങ്ങളായി ഞങ്ങൾ എല്ലാവരും ആശങ്കാകുലരായിരുന്നു. ജനാധിപത്യത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഞാൻ തന്നെ നിരവധി ലേഖനങ്ങൾ എഴുതി, മാധ്യമങ്ങളോട് പലതവണ സംസാരിച്ചു. ഞങ്ങൾ ഉന്നയിച്ച എല്ലാ വിഷയങ്ങളും വിധിന്യായത്തിൽ പ്രതിപാദിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.