
ന്യൂഡല്‍ഹി: വ്യാജ ബില്ലുകള്‍ക്കും കടലാസ് കമ്പനികള്‍ക്കും തടയിടാന്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാര്‍ ഓതന്റിക്കേഷന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നും വ്യാജ ഇന്‍വോയ്സുകള്‍ വഴി നടത്തുന്ന ടാക്‌സ് ക്രെഡിറ്റ് ക്ലെയിമുകളെ ചെറുക്കാന്‍ ഇത് സഹായിക്കുമെന്നും 53-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി വ്യക്തമാക്കി. മാത്രമല്ല, വ്യാജ രജിസ്‌ട്രേഷനുകള്‍ക്കെതിരെ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ധനമന്ത്രി അറിയിച്ചു.
പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകള്‍ക്കും ജി എസ് ടി ഒഴിവാക്കാന്‍ തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. മില്‍ക്ക് കാനുകളുടെ ജി എസ് ടി 18 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി നിജപ്പെടുത്താന്‍ യോഗം ശുപാര്‍ശ ചെയ്തു. സ്റ്റീല്‍, ഇരുമ്പ്, അലൂമിനിയം കാനുകളില്‍ വില്‍ക്കുന്ന പാലിന് ഇതോടെ വില കുറയും.
2024-25 സാമ്പത്തിക വര്‍ഷത്തെ ജി എസ് ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്. 2017-18, 2018-19, 2019-20 സാമ്പത്തിക വര്‍ഷങ്ങളിലെ ഡിമാന്‍ഡ് നോട്ടീസുകളിന്മേല്‍ 2025 മാര്‍ച്ച് 31ന് മുന്‍പായി കുടിശ്ശിക തീര്‍ത്താല്‍ പലിശയും പിഴയും ഒഴിവാക്കും. കൂടാതെ, റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് ജി എസ് ടി ഒഴിവാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഹോസ്റ്റലുകള്‍ക്കും ജി എസ് ടി ഒഴിവാക്കി. പ്രതിമാസം 20,000 രൂപ വരെ വാടകയും മിനിമം 90 ദിവസത്തെ താമസവും വാഗ്ദാനം ചെയ്യുന്ന ഹോസ്റ്റലുകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.