ജയലളിതയുടെ ‘ആന’യ്ക്കടക്കം ഗുരുവായൂരിൽ ക്രൂരമർദ്ദനം, പാപ്പാൻമാർക്കെതിരെ നടപടി

തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളോട് ക്രൂരത കാട്ടിയ പാപ്പാൻമാരെ സസ്പെൻഡ് ചെയ്തു. ആനക്കോട്ടയ്ക്കുള്ളിൽ പാപ്പാന്മാർ ആനകളെ ക്രൂരമായി മർദ്ദിക്കുന്നതിന്‍റെയടക്കം വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയടക്കം രണ്ട് ആനകളെ പാപ്പാൻമാർ ക്രൂരമായി മ‍ർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്. ശീവേലിപ്പറമ്പില്‍ കുളിപ്പിക്കാനായി എത്തിച്ച കൃഷ്ണയെയും കേശവന്‍ കുട്ടി എന്ന ആനയേയുമാണ് പാപ്പാന്മാർ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുളിപ്പിക്കാൻ നേരത്ത് കിടക്കാന്‍ കൂട്ടാക്കാത്തതിനായിരുന്നു മര്‍ദ്ദനമെന്നാണ് വിവരം.

ഒരു മാസം മുമ്പാണ് സംഭവം ഉണ്ടായത്. ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിനിടെ ആനക്കോട്ടയിലെത്തി ഡോക്ടര്‍മാര്‍ ആനകളെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടും പാപ്പാന്മാരുടെ വിശദീകരണവും പരിശോധിച്ചതിന് ശേഷമാണ് സസ്പെൻഷൻ നടപടി. മര്‍ദനമേറ്റ കൃഷ്ണയുടെയും കേശവൻ കുട്ടിയുടെയും പാപ്പാന്മാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

More Stories from this section

dental-431-x-127
witywide