അമേരിക്കയിൽ H1b വീസാ വിവാദം പുകയുന്നു? ഇന്ത്യക്കാർക്ക് എതിരെ കട്ടകലിപ്പ്, “എച്ച് വണ്‍ ബിക്കാര്‍ വന്നു രക്ഷിക്കും മുമ്പ് അമേരിക്കക്കാർ എല്ലാം കടുത്ത ദാരിദ്ര്യത്തില്‍ ആയിരുന്നോ?”

അമേരിക്കയുടെ ജനസംഖ്യയില്‍ ഒരു ശതമാനത്തോളമേയുള്ളൂ ഇന്ത്യന്‍ വംശജര്‍ പക്ഷേ… അമേരിക്കയില്‍ സാങ്കേതിക തൊഴിലാളികളിൽ 35 ശതമാനത്തോളം ഇന്ത്യയില്‍ നിന്നുള്ള എച്ച് വണ്‍ ബി വീസക്കാരാണ്. ഡോക്ടര്‍മാരില്‍ 17 ശതമാനം ഇന്ത്യക്കാരാണ്.

ട്രംപിന്റെ ക്യാബിനറ്റില്‍ മുഖ്യസ്ഥാനങ്ങളില്‍ അഞ്ച് ഇന്ത്യന്‍ അമേരിക്കക്കാര്‍ ഉണ്ട്. വിവേക് രാമസ്വാമിയാണ്, മസ്‌കിനൊപ്പം സര്‍ക്കാരിലെ കാര്യക്ഷമതക്കുള്ള വകുപ്പിനെ നയിക്കുന്നയാള്‍. എഫ്ബിഐയുടെ ഡയറക്ടര്‍ കാഷ് പട്ടേല്‍, അസിസ്റ്റന്റ് അറ്റോണി ജനറല്‍ ഹര്‍മീത് സിംഗ് ഡില്ലണ്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ജയ് ഭട്ടാചാര്യ, AI സീനിയര്‍ പോളിസി അഡൈ്വസര്‍ ശ്രീറാം കൃഷ്ണന്‍. പോരാത്തതിന് ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ്, നിയുക്ത വൈസ് പ്രസിഡൻ്റിൻ്റെ ഭാര്യ ഉഷ വാൻസ്… ഇൻ്റലിജൻസ് മേധവിയാകട്ടെ ഹിന്ദു മത വിശ്വാസിയായ തുൾസി ഗബ്ബാർഡ്..

സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, അക്കാദമികരംഗം, ബിസിനസ് തുടങ്ങിയ മേഖലകളിലൊക്കെ- ഇന്ത്യന്‍ വംശജരെപ്പോലെ വിജയം കൈവരിച്ചവര്‍ യുഎസിൽ കുറവാണ്. ഏറ്റവും വിദ്യാസമ്പന്നര്‍ എന്നു മാത്രമല്ല, ഏറ്റവും ധനികരുമായ സംഘങ്ങളിലൊന്ന്. സംരംഭകരെന്ന നിലയ്ക്കും അവര്‍ വളരെ മുന്നിലാണ്. സിലിക്കണ്‍ വാലിയിലെ നാലിലൊന്നു സ്ഥാപനങ്ങളും ആരംഭിച്ചത് ഇന്ത്യന്‍ വംശജരാണ്. ടെക് വ്യവസായത്തെ രൂപപ്പെടുത്തിയ സണ്‍ മൈക്രോ സിസ്റ്റംസ്, ഹോട്ട്മെയില്‍ തുടങ്ങിയവ ഉദാഹരണം. അമേരിക്കയിലെ വന്‍കിട ടെക് കമ്പനികള്‍ പലതും നയിക്കുന്നത് ഇന്ത്യയില്‍ ജനിച്ചവരാണ്. സുന്ദര്‍ പിച്ചൈ (ഗൂഗിള്‍, ആല്‍ഫബെറ്റ്), സത്യ നാദെല്ല (മൈക്രോസോഫ്റ്റ്), അരവിന്ദ് കൃഷ്ണ (ഐ.ബി.എം), ശന്തനു നാരായണ്‍ (അഡോബി)…

ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കെതിരെ കലിപ്പുണ്ടാവാന്‍ വെറെയെന്തെങ്കിലും വേണോ?

ഇപ്പോൾ അമേരിക്കയിൽ ഏറ്റവും വലിയ ചർച്ചാ വിഷയം എച്ചവൺ ബി വീസയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ മാഗാ (MAGA, മെയ്ക്ക് അമേരിക്കാ ഗ്രേറ്റ് എഗെയിന്‍) പ്രസ്ഥാനത്തിലും വിള്ളൽ വീഴ്ത്തിയിരിക്കുകയാണ് ഈ വിവാദം.

ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്പെഷ്യലൈസ്ഡ് മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രൊഫഷണലുകളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന പരിപാടിയാണ് എച്ച് വണ്‍ ബി വിസ. എച്ച് വണ്‍ ബി വിസ കിട്ടുന്നവരില്‍ ഏതാണ്ട് എഴുപതു ശതമാനത്തിലധികവും ഇന്ത്യന്‍ വംശജരാണ്, പത്തു ശതമാനത്തോളം പേര്‍ ചൈനീസ് വംശജരും. അതായത്, എച്ച് വണ്‍ ബി വിസയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ഏറ്റവും ബാധിക്കുക ഇന്ത്യക്കാരെയാവും. കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ ഇന്ത്യന്‍ ഐ.ടി. കമ്പനികളെ ശരിക്കും ബാധിക്കും.

അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി ഉറപ്പു നല്‍കി അധികാരത്തില്‍ വന്ന ട്രംപ് വൈറ്റ്ഹൗസിന്റെ AI സീനിയര്‍ പോളിസി അഡൈ്വസറായി ശ്രീറാം കൃഷ്ണനെ നിയമിച്ചതോടെ രോഷം അണ പൊട്ടി.

കലാപം പലപ്പോഴും ഇന്ത്യാവിരുദ്ധതയിലേക്കും വംശീയതയിലേക്കും വഴുതിവീണു. ഈ സംവാദത്തില്‍ ഇടപെട്ട വിവേക് രാമസ്വാമി അമേരിക്കന്‍ സംസ്‌കാരം വിദ്യാഭ്യാസത്തിനും അക്കാഡമിക്സിനും വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലെന്നും സാങ്കേതിക രംഗത്തെ പ്രതിഭകള്‍ക്ക് വേണ്ടി കടുത്ത മത്സരം നടക്കുന്ന ലോകത്ത് ചൈന അമേരിക്കയെ സമ്പൂര്‍ണമായി പരാജയപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്നും പറഞ്ഞു. എച്ച് വൺ ബി വീസ അമേരിക്കക്കാരുടെ മൽസര ക്ഷമത കൂട്ടുമെന്നും വിവേക് പറഞ്ഞു.

ഇലോൺ മസ്ക് ആ അഭിപ്രായത്തെ പിന്തുണച്ചു. താനും തൻ്റെ കമ്പനികൾ ഉൾപ്പെടെ അമേരിക്കയിലെ 100 കണക്കിന് കമ്പനികളും നിലനിൽക്കുന്നതിനു കാരണം എച്ച് വൺ ബി വീസയാണെന്ന് തുറന്നടിച്ചു. മസ്കിനെ ട്രംപും പിന്തുണച്ചു.

ഇതെല്ലാം വലതുപക്ഷ തീവ്രവാദികളെ കലിപ്പിലാക്കി. നാട്ടുകാരായ വെള്ളക്കാരെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെല്ലാമെന്ന് അവര്‍ പറഞ്ഞു. ‘വുഡ് സ്റ്റോക്ക് തലമുറ (60-കളിലെയും 70-കളിലെയും ) യുഎസ് എയ്റോ സ്പേസ് വ്യവസായം ഉണ്ടാക്കി. അതിനു മുമ്പത്തെ തലമുറ ചന്ദ്രനില്‍ പോയി. അന്ന് അമേരിക്കയ്ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. “എച്ച് വണ്‍ ബിക്കാര്‍ വന്നു രക്ഷിക്കും മുമ്പ് ഞങ്ങളെല്ലാവരും കടുത്ത ദാരിദ്ര്യത്തില്‍ ജീവിക്കുകയായിരുന്നു എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? പിന്നെന്തിനാ എല്ലാവരും ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്?’എന്ന് ചോദിക്കുന്നു ഒരു വിഭാഗം.

ഇന്ത്യയിലെ എത്ര ശതമാനം വീടുകളിലാണ് ഫ്ളഷ് ചെയ്യാവുന്ന ടോയ്ലെറ്റുകള്‍ ഉള്ളത് എന്ന് ചോദ്യം വേറെ.

അമേരിക്കന്‍ മേധാവിത്വം നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ അമേരിക്കയില്‍ തന്നെ ഉണ്ടെന്നും മസ്‌കിനെപ്പോലുള്ളവരും അമേരിക്കന്‍ കോര്‍പ്പറേറ്റുകളും കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന വിദേശത്തൊഴിലാളികളെ കൊണ്ടുവരുന്നത് അമേരിക്കന്‍ ജോലിക്കാരുടെ വേതനം കുറയ്ക്കുന്നതിനും അവസാനം അവര്‍ ഒഴിവാക്കപ്പെടുന്നതിനും കാരണമാകുന്നു എന്നും അവര്‍ വാദിക്കുന്നു.

എന്തായാലും മസ്ക് നിലപാട് അൽപം മയപ്പെടുത്തി. എച്ച് വൺ ബി വീസ സമ്പ്രദായം തകരാറിലായെന്നും ലോകത്തിലെ .1 വരുന്ന പ്രതിഭകളെ അമേരിക്കയിലേക്ക് എത്തിക്കുന്നതിനു വേണ്ടി മാത്രം അത് ഉപയോഗിച്ചാൽ മതിയെന്നും അയാൾ ഇന്നലെ തിരുത്തിപ്പറഞ്ഞു.

H1b visa controversy rages in America backlash against Indians

Also Read

More Stories from this section

family-dental
witywide