
ഗാസസിറ്റി: ഗാസയിലെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ നേതാവും ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് ആളുകളില്‍ ഒരാളുമായ യഹ്യ സിന്‍വാര്‍ റഫയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. ഗാസയുടെ തെക്കേ അറ്റത്തുള്ള റഫനഗരത്തില്‍ ഇസ്രായേല്‍ കര ആക്രമണവുമായി മുന്നോട്ട് നീങ്ങുമ്പോഴാണ് പുതിയ വിവരം എത്തുന്നത്.
ഹമാസ് നേതാവ് റഫയില്‍ നിന്ന് അഞ്ച് മൈല്‍ വടക്കുള്ള ഖാന്‍ യൂനിസ് പ്രദേശത്തെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുകയാണെന്നാണ് രഹസ്യാന്വേഷണ വിവരങ്ങളെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രായേല് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇയാള്‍ ഇപ്പോഴും ഗാസയിലുണ്ടെന്നും ചിലര്‍ പറയുന്നു. മാര്‍ച്ചില്‍, യഹ്യ സിന്‍വാറിന്റെ അടുത്ത ബന്ധുക്കള്‍ റഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് നിരവധി ഹമാസ് നേതാക്കള്‍ തങ്ങളുടെ ബന്ധുക്കളെയും കുടുംബത്തെയും ഗാസയില്‍ നിന്ന് ഈജിപ്തിലെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
2023 ഒക്ടോബര്‍ 7ന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിന്റെ പിന്നിലെ സൂത്രധാരന്‍ യാഹ്യ സിന്‍വാറാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹമാസ് സൈനിക വിഭാഗം ഡെപ്യൂട്ടി കമാന്‍ഡര്‍ മര്‍വാന്‍ ഇസയെയും മറ്റ് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ഇസ്രായേല്‍ വധിച്ചതായി കരുതുന്നുണ്ടെങ്കിലും യഹ്യ സിന്‍വാറിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി, സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫിനെയും ഇസ്രയേലിന് തൊടാനായിട്ടില്ല.
അതേസമയം, റഫയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ വിഭജിക്കുന്ന പ്രധാന റോഡ് ഇസ്രായേല്‍ ടാങ്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗാസ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 34,500ലധികം കടന്നിട്ടുണ്ട്.











