ന്യൂഡല്‍ഹി: ഗാസയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയും യുദ്ധവുമായി മുന്നോട്ടു പോകുന്ന ഇസ്രയേലിനെ തളയ്ക്കാന്‍ ഹമാസ് പുതിയ വഴി ഒരുക്കുന്നു. ഇസ്രായേല്‍ സൈന്യം അതിക്രമിച്ചെത്തുന്നുവെന്ന് മനസിലായാല്‍ ബന്ദികളെ വെടിവച്ചുകൊല്ലാന്‍ ഹമാസ് ഉത്തരവിട്ടതായി റിപ്പോര്‍ട്ട്.
ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗാസയില്‍ ബന്ദികളെ കൈകാര്യം ചെയ്യുന്ന ഹമാസ് പ്രവര്‍ത്തകരോട്, ഇസ്രായേലി സേന അടുത്തെത്തിയെന്ന് തോന്നിയാല്‍ ബന്ദികളാക്കിയവരെ വെടിവയ്ക്കാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
സെന്‍ട്രല്‍ ഗാസയിലെ നസ്രത്തില്‍ നിന്ന് നാല് ബന്ദികളെ ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അടുത്തിടെ രക്ഷപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ പുതിയ സംഭവവികാസം. മൂന്ന് ബന്ദികള്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന ഹമാസിന്റെ അവകാശവാദത്തെ ഇസ്രായേല്‍ തള്ളുകയും, പകരം ഈ മരണങ്ങള്‍ ഹമാസിന്റെ കൈകൊണ്ടാണ് ഉണ്ടായതെന്ന് വാദിക്കുകയും ചെയ്തു.