ഇസ്രയേലിനെതിരായ ഒക്ടോബര്‍ 7 ആക്രമണം ‘മഹത്തായത്’ എന്ന് വിശേഷിപ്പിച്ച് ഹമാസ്

ദോഹ, ഖത്തര്‍: ഗാസയിലെ മാരകമായ യുദ്ധത്തിന് തുടക്കമിട്ട തെക്കന്‍ ഇസ്രായേലിലെ ഒക്ടോബര്‍ 7ലെ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പ്രതികരണം നടത്തി ഹമാസ്. ഇസ്രായേലിനെതിരായ ഒക്ടോബര്‍ ഏഴിലെ ആക്രമണം ‘മഹത്തായ കടന്നുകയറ്റം’ എന്ന് വിശേഷിപ്പിച്ച ഹമാസ് ശത്രു സ്വയം സൃഷ്ടിച്ച മിഥ്യാധാരണകളെ തകര്‍ത്തുവെന്നും ലോകത്തെയും ഇസ്രയേലിനെയും ഹമാസിന്റെ ശ്രേഷ്ഠതയും കഴിവുകളും ബോധ്യപ്പെടുത്തിയെന്നും ഖത്തറിലുള്ള ഹമാസ് അംഗം ഖലീല്‍ അല്‍-ഹയ്യ ഒരു വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

‘മുഴുവന്‍ പലസ്തീനും, പ്രത്യേകിച്ച് ഗാസയും, നമ്മുടെ പലസ്തീന്‍ ജനതയും അവരുടെ ചെറുത്തുനില്‍പ്പും രക്തവും ദൃഢതയും കൊണ്ട് ഒരു പുതിയ ചരിത്രം എഴുതുകയാണ്’ എന്നും അല്‍-ഹയ്യ വീഡിയോയിലൂടെ വ്യക്തമാക്കി. ഭയാനകമായ വംശഹത്യയും ദൈനംദിന കൂട്ടക്കൊലയും ഹമാസിലുണ്ടാകുന്നുണ്ടെങ്കിലും ഗാസക്കാര്‍ ചെറുത്തുനില്‍ക്കുന്നുവെന്നും അല്‍-ഹയ്യ വ്യക്തമാക്കി. ജൂലൈയില്‍ ഹമാസിന്റെ നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് അതിന്റെ പൊതു മുഖമായി ഉയര്‍ന്നുവന്ന ഹമാസ് നേതാവാണ് ഖലീല്‍ അല്‍-ഹയ്യ.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലില്‍ നടന്ന ആക്രമണത്തില്‍ 1,205 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. നിരവധിപേരെ ബന്ദികളാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നാലെ ഇസ്രയേല്‍ നടത്തിയ പ്രതികാര ആക്രമണം ഇപ്പോഴും തുടരുകയാണ്. പലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 41,870 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. അവരില്‍ ഭൂരിഭാഗവും സാധാരണ പൗരന്മാരാണ്.