
ന്യൂഡല്‍ഹി: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ നിരവധി ജീവനക്കാര്‍ പങ്കെടുത്തുവെന്ന ആരോപണത്തിനും നടപടിക്കും പിന്നാലെ യു.എന്നിനെതിരെ ഞെട്ടിക്കുന്ന വിവരവുമായി ഇസ്രയേല്‍ രംഗത്ത്. യു.എന്‍ ഏജന്‍സിയുടെ ഗാസ ആസ്ഥാനത്തിന് കീഴില്‍ ഹമാസ് തുരങ്കം കണ്ടെത്തിയെന്നാണ് ഇസ്രയേല്‍ വെളിപ്പെടുത്തല്‍.
എന്നാല്‍, ഹമാസ് തെക്കന്‍ ഇസ്രായേലിനെ ആക്രമിച്ച് അഞ്ച് ദിവസത്തിന് ശേഷം, അതായത് ഒക്ടോബര്‍ 12 മുതല്‍ ബേസില്‍ നിന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നാണ് യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രതികരണം. മാത്രമല്ല, സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറയായി സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും ഉപയോഗിക്കുകയും ഇതിനു കീഴില്‍ വിപുലമായ തുരങ്കങ്ങളുടെ ശൃംഖലയുണ്ടെന്നും ഇസ്രായേല്‍ മുന്‍ അവകാശവാദം ഹമാസ് മുമ്പ് നിഷേധിച്ചിരുന്നു.
ഹമാസിന്റെ മിലിട്ടറി ഇന്റലിജന്‍സിന്റെ സുപ്രധാന ഇടമായി വര്‍ത്തിക്കുകയും ഗാസ മുനമ്പിലെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രധാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനടിയിലൂടെ കടന്നുപോകുകയും ചെയ്ത ഒരു ഭൂഗര്‍ഭ ഭീകര തുരങ്കമാണ് കണ്ടെത്തിയതെന്നാണ് ഇസ്രയേല്‍ വാദം. 700 മീറ്റര്‍ (765 യാര്‍ഡ്) നീളവും 18 മീറ്റര്‍ ഭൂഗര്‍ഭവുമുള്ള ടണല്‍ ഹമാസ് ഏജന്‍സിയുടെ ആസ്ഥാനവുമായി ബന്ധിപ്പിച്ചിരിക്കുന്നുവെന്നും ഇസ്രയേല്‍ പറയുന്നു.
അതേസമയം, പ്രദേശത്ത് ബോംബാക്രമണം രൂക്ഷമായതിനാല്‍ ഇസ്രായേല്‍ സേനയുടെ നിര്‍ദ്ദേശപ്രകാരം ഗാസ സിറ്റി കോമ്പൗണ്ട് വിട്ടുപോകാന്‍ തങ്ങളുടെ ജീവനക്കാര്‍ നിര്‍ബന്ധിതരായതായി UNRWA പറഞ്ഞു. അതുകൊണ്ടുതന്നെ തങ്ങള്‍ അത് ഉപേക്ഷിച്ചതിനുശേഷം അവിടെ എന്തെങ്കിലും പ്രവര്‍ത്തനം നടന്നോ എന്നതും ആരെങ്കിലും അവിടെ ഉപയോഗിച്ചോ എന്നതും തങ്ങള്‍ക്ക് അറിയില്ലെന്നാണ് യു.എന്‍ ഏജന്‍സിയുടെ വിശദീകരണം.










