‘ഓരോ ടിക്കറ്റില്‍ നിന്നും അഞ്ച് രൂപ’; അയോധ്യ പ്രതിഷ്ഠയ്ക്ക് ‘ഹനുമാന്‍’ ടീം നല്‍കിയത് 2.66 കോടി

തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം ‘ഹനുമാന്‍’ അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി നല്‍കിയത് 2.66 കോടി രൂപ. റിലീസ് ദിവസത്തെ കളക്ഷനില്‍ നിന്ന് 14 ലക്ഷം രൂപ രാമക്ഷേത്രത്തിനായി നല്‍കിക്കഴിഞ്ഞുവെന്ന് സിനിമയുടെ സംവിധായകന്‍ പ്രശാന്ത് വര്‍മ്മ പറഞ്ഞിരുന്നു. ഇപ്പോള്‍ 2.66 കോടി കൂടി നല്‍കുന്നതായി എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

സിനിമയുടെ ഓരോ ടിക്കറ്റില്‍ നിന്നും അഞ്ചു രൂപ അയോധ്യ രാമക്ഷേത്രത്തിന് നല്‍കും എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹനുമാന്‍ സിനിമയുടെ പ്രീ റിലീസ് ചടങ്ങിനിടയില്‍ നടന്‍ ചിരഞ്ജീവിയാണ് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. ജനുവരി 12-ന് തീയേറ്ററിലെത്തിയ ചിത്രം 150 കോടി പിന്നിട്ട് കളക്ഷന്‍ നേടിയപ്പോള്‍ 2.66 കോടി രൂപയാണ് അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കായി നല്‍കിയത്.

‘അയോധ്യ രാമക്ഷേത്രത്തിന് 2,66,41,055 രൂപ സംഭാവന നല്‍കാനുള്ള മഹത്തായ ഉദ്യമത്തില്‍ പങ്കുചേര്‍ന്ന 53,28,211 പേര്‍ക്കും നന്ദി. നിങ്ങള്‍ ടിക്കറ്റിനായി ചെലവഴിക്കുന്ന തുകയില്‍ നിന്ന് 5 രൂപ അയോധ്യ രാമമന്ദിറിലേക്ക് പോകും. ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായതില്‍ മൈത്രി ഡിസ്ട്രിബ്യൂഷന്‍ ടീം അഭിമാനിക്കുന്നു.’ എന്നും ടീം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

More Stories from this section

family-dental
witywide