
ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദ പട്ടണത്തില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 11 പേര് മരിച്ച സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. അറസ്റ്റിലായ പ്രതികളില്‍ ഹര്‍ദ പടക്ക ഫാക്ടറി ഉടമ രാജേഷ് അഗര്‍വാളും ഉള്‍പ്പെടുന്നു.
രാജ്യതലസ്ഥാനത്തേക്ക് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗര്‍വാളിനെ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സോമേഷ് അഗര്‍വാള്‍, റഫീഖ് ഖാന് എന്നവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 304, 308 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം), 34, എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 3ഉം ഇതില്‍ ഉള്‍പ്പെടുന്നു.
ഭോപ്പാലില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള മഗര്‍ധ റോഡിലെ ബൈരാഗഡ് പ്രദേശത്തുള്ള ഫാക്ടറിയില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ ഇതുവരെ 174 പേര്‍ക്ക് പരിക്കേറ്റു.
ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഫോടനം നടന്ന സ്ഥലത്ത് എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം, സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണിപ്പോള്‍.
ദാരുണമായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.