‘പഞ്ചാബിഹൗസ്’ എന്ന വീട് നിര്‍മ്മാണത്തില്‍ പാകപ്പിഴ: ഹരിശ്രീ അശോകന് 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവ്

കൊച്ചി: പ്രമുഖ നടന്‍ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ് ‘ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ ഗുരുതരമായ പാകപ്പിഴ. കോടതിയെ സമീപിച്ച നടന് നിര്‍മ്മാണ കമ്പനി 17,83, 641 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി വിധി.

എറണാകുളത്തെ പി.കെ ടൈല്‍സ് സെന്റര്‍, കേരള എ.ജി.എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളാണ് എതിര്‍ കക്ഷികള്‍. ഈ കമ്പനികളില്‍ നിന്നും പഞ്ചാബി ഹൗസ്’ എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ ആവശ്യത്തിനായി ഇറക്കുമതി ചെയ്ത ഫ്ളോര്‍ ടൈല്‍സ് താരം വാങ്ങുകയും തറയില്‍ വിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികനാള്‍ കഴിയും മുന്‍പ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഇറങ്ങാനും തുടങ്ങി. ഇത് ചൂണ്ടിക്കാട്ടി പലവട്ടം കമ്പനികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് അശോകന്‍ ഉപഭോക്തൃകോടതിയെ സമീപിച്ചത്.

എന്‍ എസ് മാര്‍ബിള്‍ വര്‍ക്സിന്റെ ഉടമ കെ എ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് വിരിക്കുന്ന പണികള്‍ നടത്തിയത്.

ഇന്‍വോയ്‌സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോര്‍ട്ടും നല്‍കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിര്‍ കക്ഷികളുടെ പ്രവര്‍ത്തി അധാര്‍മ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേര്‍ചിത്രമാണെന്ന് കോടതി വിലയിരുത്തി. കെട്ടുപിണഞ്ഞതും സങ്കീര്‍ണവുമായ പാതകളിലൂടെ ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാര്‍മ്മികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനത യുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയില്‍ നിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

എതിര്‍ കക്ഷികളുടെ പ്രവര്‍ത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ച് അഭിപ്രായപെട്ടു. പരാതിക്കാരനു വേണ്ടി അഡ്വ. ടി ജെ ലഷ്മണ അയ്യരാണ് ഹാജരായത്.

More Stories from this section

family-dental
witywide