
ന്യൂയോർക്ക്: ചുഴലിക്കാറ്റുകളുടെ പേരിലും അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥികൾക്കിടയിൽ വിവാദം കനക്കുന്നു. ഹെലിൻ, മിൽട്ടൺ ചുഴലിക്കാറ്റുകളെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് വിമർശിച്ച് ഡൊമാക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസ് രംഗത്തെത്തി. ലാസ് വെഗാസിലെ ടൗൺ ഹാളിൽ യൂണിവിഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഹാരിസ് വിമർശനം കടുപ്പിച്ചത്.
‘നമ്മുടെ രാജ്യത്തെ നിരവധി ജനങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ, ആളുകളുടെ അഭിമാന ബോധത്തെ തിരിച്ചറിഞ്ഞ് വേണം നേതാക്കന്മാർ പ്രതികരണം നടത്തേണ്ടത്. അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇത് ആളുകൾക്ക് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് ഞാൻ ഊന്നിപ്പറയുന്നു’ എന്നായിരുന്നു ട്രംപിനെ ലക്ഷ്യം വച്ച് കമല ഹാരിസ് വിമർശിച്ചത്.
ബുധനാഴ്ച രാത്രി ഫ്ലോറിഡയിൽ കരതൊട്ട മിൽട്ടൺ ചുഴലിക്കാറ്റുകൾ ബാധിച്ച ആളുകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുൻ പ്രസിഡന്‍റ് കൂടിയായ ഡോണൾഡ് ട്രംപ് ഡെട്രോയിറ്റ് ഇക്കണോമിക് ക്ലബിൽ സംസാരിച്ചിരുന്നു. ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതികൾക്ക് ശേഷം ബൈഡൻ ഭരണകൂടത്തിൻ്റെ ഇടപെടൽ കുറവായിരുന്നു എന്നതടക്കമുള്ള വിമർശനങ്ങാണ് ട്രംപ് ഉന്നയിച്ചത്. ഇത് മുൻനിർത്തിയാണ് കമല ഹാരിസ് വിമർശനവുമായി രംഗത്തെത്തിയത്. നേരത്തെ ചുഴലിക്കാറ്റിനെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുവെന്ന് ചൂണ്ടികാട്ടി പ്രസിഡന്‍റ് ജോ ബൈഡനും ട്രംപിനെ വിമർശിച്ചിരുന്നു.
അതേസമയം ബുധനാഴ്ച രാത്രി തീരം തൊട്ട മിൽട്ടൺ ചുഴലിക്കാറ്റ് ഉയർത്തിയ ഭീതി ഏറെക്കുറെ പൂർണമായും മാറിയിട്ടുണ്ട്. ഇതുവരെ 16 മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയം ഇപ്പോഴും ആശങ്കാജനകമാണെന്ന് ഗവർണർ റോൺ ഡിസാൻ്റ് അറിയിച്ചു. ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിന് പിന്നാലെ ഫ്ലോറിഡ നഗരം കഴിഞ്ഞ ദിവസം ഇരുട്ടിലായിരുന്നു. ഏകദേശം 32 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്.