
വാഷിംഗ്ടണ്‍: വരാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ എതിരാളിയായ ഡോണാള്‍ഡ് ട്രംപിനെതിരെ കമലാ ഹാരിസ് ചൊവ്വാഴ്ച തന്റെ അവസാന പ്രചാരണ പ്രസംഗം നടത്തും . ഒക്ടോബര്‍ 29 നാണ് കമലയുടെ പ്രസംഗമെന്ന് ഒരു പ്രചാരണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനുവരി 6 ലെ കലാപത്തിന് മുമ്പ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്തുണക്കാരെ അണിനിരത്തിയ വാഷിംഗ്ടലെ എലിപ്സ് എസ്പ്ലേനേഡിൽ വച്ചാണ് കമലയും സുപ്രധാന പ്രസംഗം നടത്തുക. മുന്‍ പ്രോസിക്യൂട്ടറായ വൈസ് പ്രസിഡന്റ് തന്റെ കാഴ്ചപ്പാടും, താന്‍ അരാജകത്വവും വിഭജനവും വിതയ്ക്കുന്നുവെന്ന് പറയുന്ന ട്രംപിന്റെ കാഴ്ചപ്പാടും തമ്മിലുള്ള വ്യത്യാസം വരച്ചിടാനാകും പ്രസംഗത്തിലൂടെ ലക്ഷ്യമിടുക.
വാഷിങ്ടണിലെ എലിപ്സ് എസ്പ്ലനേഡിലാണ് ട്രംപ് 2021 ജനുവരി 6 ന് തന്റെ അനുയായികളോട് വിവാദമായ പ്രസംഗം നടത്തിയത്. പ്രസംഗത്തില്‍, 2020 തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചുവെന്ന തെറ്റായ അവകാശവാദങ്ങള്‍ ട്രംപ് ആവര്‍ത്തിച്ചു. പിന്നാലെ ട്രംപ് അനുകൂലികള്‍ ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്തി, അമേരിക്കന്‍ ജനാധിപത്യത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെടുകയും 140 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ട്രംപ് ജനാധിപത്യത്തിനു ഭീഷണിയാണ് എന്നു സ്ഥാപിക്കാനാണ് ഡെമോക്രാറ്റുകളുടെ ശ്രമം. അതിനു വേണ്ടിയാണ് കമല ട്രംപിന്റെ അതേ വേദി തന്നെ തിരഞ്ഞെടുത്തത്.