ജൂതവിരുദ്ധ വിവാദങ്ങളിൽ രാജിവെച്ച് ഹാർവാർഡ് സർവകലാശാല പ്രസിഡന്‍റ്

മസാച്യുസെറ്റ്സ്: ജൂത വിരുദ്ധ വിവാദങ്ങൾക്കും കോപ്പിയടി ആരോപണങ്ങൾക്കും ഒടുവിൽ ഹാർവാർഡ് സർവകലാശാല പ്രസിഡന്‍റ് ക്ലോഡിൻ ഗേ രാജിവെച്ചു. ജൂതന്മരെ വംശഹത്യ ചെയ്യാൻ ആഹ്വാനം ചെയ്താൽ അത് കാമ്പസ് പെരുമാറ്റചട്ടങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് ക്ലോഡിൻ ഗേ നൽകിയ മറുപടിയാണ് വിവാദമായത്. 2023 ജുലൈയിലാണ് ഹാർവാർഡ് സർവകലാശാല പ്രസിഡന്‍റായി ക്ലോഡിൻ ഗേ ചുമതലയേറ്റത്. 387 വർഷങ്ങൾക്ക് ശേഷം പ്രസിഡന്‍റ് പദവിയിലെത്തിയ ആദ്യ കറുത്ത വർഗക്കാരിയാണ് ക്ലോഡിൻ.

”ഭാരിച്ച ഹൃദയത്തോടെ, എന്നാല്‍ ഹാര്‍വാര്‍ഡിനോടുള്ള അഗാധമായ സ്‌നേഹത്തോടെയാണ് ഞാന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. ഇത് ഞാന്‍ എളുപ്പത്തില്‍ എടുത്ത തീരുമാനമല്ല, ”ക്ലോഡിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഹാര്‍വാര്‍ഡ് കമ്മ്യൂണിറ്റിക്ക് അയച്ച കത്തിലാണ് ഗേ തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്.

ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ തുടർന്ന് കാമ്പസുകളിൽ ജൂത വിരുദ്ധരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിലാണ് റിപ്പബ്ലിക്കൻ പാർട്ടി നേതൃത്വം നൽകുന്ന ഹൗസ് കമ്മിറ്റി വിശദീകരണം തേടാൻ മൂന്ന് യൂണിവേഴ്സിറ്റി പ്രസിഡന്‍റുമാരെ വിളിച്ചു വരുത്തി. മസാച്യുസെറ്റ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, പെൻസിൽവാനിയ യൂണിവേഴ്സിറ്റി , ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസിഡന്‍റുമാരെയാണ് വിശദീകരണത്തിനായി വിളിച്ചു വരുത്തിയത്.

ജൂത വിദ്യാർഥികളെ സംര‍ക്ഷിക്കുന്നതിൽ സർവകലാശാലകൾ പരാജയപ്പെടുന്നു എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഹൗസ് കമ്മിറ്റിയുടെ നടപടി. സാഹചര്യം പോലെയാണ് കാര്യങ്ങൾ നീക്കുക, സംസാരം പ്രവൃത്തിയിലേക്ക് കടക്കുമ്പോൾ അത് തങ്ങളുടെ നയങ്ങളെ ലംഘിക്കുമെന്നാണ് ക്ലോഡിൻ ഗേ ഹൗസ് കമ്മിറ്റി മുമ്പാകെ നൽകിയ മറുപടി.

ക്ലോഡിൻ ഗേയുടെ മറുപടി റിപ്പബ്ലിക്കുകളുടെയും ഡെമോക്രാറ്റുകളുടെയും രൂക്ഷ വിമർശനത്തിന് വഴിവെച്ചു. രണ്ട് ഡെമോക്രാറ്റുകൾ ഉൾപ്പെടെ 70ലേറെ അംഗങ്ങൾ ഗേയുടെ രാജി ആവശ്യപ്പെട്ടു. അതേസമയം, ഹാർവാർഡ് സർവകലാശാലയിലെ 700ലേറെ ഫാക്കൽറ്റികൾ ഗേയെ പിന്തുണച്ച് രംഗത്തെത്തി.