
ചണ്ഡീഗഢ്: ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ ജെജെപി. അവിശ്വാസ പ്രമേയം വന്നാൽ ബിജെപിക്കെതിരെ പാർട്ടി വോട്ട് ചെയ്യുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ബുധനാഴ്ച പ്രഖ്യാപിച്ചു. മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിൻമാറിയതിനെ തുടർന്ന് ഹരിയാനയിലെ ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന വന്നത്.
പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും ബിജെപി സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ചൗട്ടാല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
90 അംഗ ഹരിയാന നിയമസഭയില്‍ 10 അംഗങ്ങളാണ് ജെജെപിക്ക് ഉള്ളത്. 2019-ല്‍ ബിജെപിയുമായി ജെജെപി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.