
ചണ്ഡീഗഡ്: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ചും തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനും ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുന്ന കര്‍ഷകരെ തടയാന്‍ ഒരുങ്ങുന്നത് വലിയ കളികള്‍. റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ച് സിമന്റ് ബാരിക്കേഡുകള്‍, ഇരുമ്പ് ആണികള്‍, കനത്ത പോലീസ് വിന്യാസം, വഴിതിരിച്ചുവിടല്‍, ഏഴ് തലങ്ങളുള്ള സുരക്ഷാ വലയം…ഇങ്ങനെ നീളുന്നു ഹരിയാനയിലെ അധികാരികളുടെ വഴിമുടക്കി പ്ലാനിംഗ്.
എങ്ങനെയും കര്‍ഷക സമരം പൊളിക്കുക എന്നതും ഡല്‍ഹിയിലേക്കുള്ള അവരുടെ വഴി തടയുക എന്നതുമാണ് ഇപ്പോള്‍ പ്രഥമ പരിഗണന. ഒരാള്‍ റോഡ് തുരന്ന് ഇരുമ്പ് ആണി സ്ഥാപിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മാത്രമല്ല, കര്‍ഷകരുടെ നിര്‍ദിഷ്ട മാര്‍ച്ചിന് മുന്നോടിയായി അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ എന്നീ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ബള്‍ക്ക് എസ്എംഎസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.
കൂടാതെ, പഞ്ചാബുമായുള്ള ഹരിയാനയുടെ എല്ലാ അതിര്‍ത്തികളും കൂറ്റന്‍ സിമന്റ് ബാരിക്കേഡുകളും മുള്ളുകമ്പികളും ഉപയോഗിച്ച് അടച്ചിട്ടുണ്ട്. ഹരിയാനയിലെ പല ജില്ലകളിലും സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്, പോലീസ് സേനയ്ക്കൊപ്പം സിആര്‍പിഎഫിനെയും മറ്റ് സുരക്ഷാ ഏജന്‍സികളെയും വിന്യസിച്ചിട്ടുണ്ട്. 2020 രാജ്യം ഉറ്റുനോക്കിയ ആ വലിയ കര്‍ഷക സമരത്തെയാണ് ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നത്. 2020ല്‍ പഞ്ചാബില്‍ നിന്നും അംബാലയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ധാരാളം കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ ഒത്തുകൂടി ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയും കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തി പോയിന്റുകളില്‍ ഒരു വര്‍ഷത്തോളം നീണ്ട പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി ഗത്യന്തരമില്ലാതെയാണ് അന്ന് സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ തയ്യാറായത്.

ആ സമരത്തിന്റെ വഴികളെല്ലാം ഇപ്പോള്‍ത്തന്നെ അടച്ച നിലയിലാണ്. വാഹന ഗതാഗതത്തിനായി ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭു അടച്ചത് അംബാല ഭാഗത്തേക്കുള്ള യാത്രക്കാരെ വലിയ ഗതാഗതക്കുരുക്കിലേക്കാണ് തള്ളിയിട്ടത്.
അതേസമയം, കര്‍ഷകര്‍ ട്രാക്ടറുകള്‍ വഴി ഹൈവേയിലെത്തുന്നത് തടയാന്‍ ഗഗ്ഗര്‍ നദീതടവും കുഴിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പതിനെട്ടടവും പയറ്റിയാണ് അധികൃതര്‍ സമരം പൊളിക്കാന്‍ കാത്തിരിക്കുന്നതെന്ന് സാരം.
കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ട്രാക്ടര്‍ ട്രോളികള്‍ ഒരുക്കുന്നതിനിടെയാണ് ഇത്. ഡല്‍ഹിയിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി രാജ്പുരയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി.
സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളല്‍, പോലീസ് കേസുകള്‍ പിന്‍വലിക്കല്‍, ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് ‘നീതി’ എന്നിവയും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കൂടാതെ, വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനല്‍കുന്നതിനുള്ള നിയമം നടപ്പാക്കുന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് 200-ലധികം കര്‍ഷക യൂണിയനുകള്‍ ഫെബ്രുവരി 13 ന് മാര്‍ച്ച് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കേന്ദ്രമന്ത്രിമാരുടെ മൂന്നംഗ സംഘം വ്യാഴാഴ്ച കര്‍ഷക സംഘടനാ നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്തി. യോഗത്തിന്റെ രണ്ടാം ഘട്ടം ഉടന്‍ നടത്തുമെന്ന് കേന്ദ്ര മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായും എന്നാല്‍ തങ്ങളുടെ നിര്‍ദ്ദിഷ്ട ‘ഡല്‍ഹി ചലോ’ മാര്‍ച്ച് നിലനില്‍ക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞിരുന്നു.