‘എവിടെയായാലും ഉടന്‍ മടങ്ങിവരണം, എന്റെ ക്ഷമയെ പരീക്ഷിക്കരുത്’; പ്രജ്വലിന് എച്ച്.ഡി ദേവഗൗഡയുടെ അന്ത്യശാസന

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പ്രതിയായ ചെറുമകനും ഹാസന്‍ എം.പിയുമായ പ്രജ്വല് രേവണ്ണയ്ക്ക് മുത്തഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടെ അന്ത്യ ശാസന. എവിടെയായിരുന്നാലും ഉടന്‍ മടങ്ങിയെത്താനും നിയമനടപടിക്ക് വിധേയനാകാനും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും തന്റെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നുമാണ് താക്കീത്.

ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) നേതാവ് എച്ച്ഡി ദേവഗൗഡ തന്റെ ചെറുമകന്‍ പ്രജ്വല് രേവണ്ണയോട് ഇന്ത്യയിലേക്ക് മടങ്ങാനും പോലീസില്‍ കീഴടങ്ങാനും അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ക്രോധം നേരിടാനും ആവശ്യപ്പെട്ട് കര്‍ശന താക്കീത് നല്‍കിയത് എക്സിലൂടെ.

‘പ്രജ്വല്‍ രേവണ്ണയ്ക്ക് എന്റെ മുന്നറിയിപ്പ്’ എന്ന തലക്കെട്ടോടെ ദേവഗൗഡ എക്‌സില്‍ പങ്കുവെച്ച കത്തില്‍ ”മെയ് 18 ന് ക്ഷേത്രത്തിലേക്ക് പൂജ (പ്രാര്‍ത്ഥനകള്‍) അര്‍പ്പിക്കാന്‍ പോകുമ്പോള്‍ ഞാന്‍ പ്രജ്വല് രേവണ്ണയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. രേവണ്ണ എനിക്കും എന്റെ മുഴുവന്‍ കുടുംബത്തിനും എന്റെ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ ഞെട്ടലില്‍ നിന്നും വേദനയില്‍ നിന്നും കരകയറാന്‍ എനിക്ക് കുറച്ച് സമയമെടുത്തു” എന്നും കുറിച്ചു.

പ്രജ്വല്‍ രേവണ്ണ ‘ഏറ്റവും കഠിനമായ ശിക്ഷ’യ്ക്ക് വിധേയനാകണമെന്നാണ് തന്റെ അഭിപ്രായമെന്നും, അദ്ദേഹത്തിന്റെ മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയും ഇക്കാര്യത്തില്‍ തന്റെ നിലപാടിന് അനുകൂലമായി വാദിച്ചതായും ദേവഗൗഡ തുടര്‍ന്നു പറഞ്ഞു.കഴിഞ്ഞ ഏതാനും ആഴ്ചകളായി തനിക്കും കുടുംബത്തിനുമെതിരെ ആളുകള്‍ (പ്രജ്വല് രേവണ്ണ ലൈംഗികാരോപണത്തോട് പ്രതികരിച്ചുകൊണ്ട്) ഏറ്റവും രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലൈംഗിക പീഡന കേസിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഒളിവില്‍ പോയ പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. രേവണ്ണയുടെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.