
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വ്യാഴാഴ്ച കോൺഗ്രസിൽ നിന്ന് ബിജെപിയിൽ തിരിച്ചു പോയതിനു പിന്നാലെ വിമർശനവുമായി ഡികെ ശിവകുമാർ ഷെട്ടാർ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയെന്നും ഇന്നലെ വരെ അദ്ദേഹം ബിജെപിയുടെ ആശയങ്ങൾക്ക് എതിരായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു.
“ഇത് എന്നെ ഞെട്ടിക്കുന്നു. ബിജെപി തള്ളിപ്പറഞ്ഞപ്പോൾ കർണാടകയിൽ തന്റെ രാഷ്ട്രീയ ജീവിതം കോൺഗ്രസ് തിരിച്ചു തന്നതായി അദ്ദേഹം ഇന്നലെ എന്നോട് പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെട്ടെന്ന്, അദ്ദേഹം അവരെ കണ്ടുമുട്ടുകയും അവരുടെ വാഗ്ദാനങ്ങളിൽ വീഴുകയും ചെയ്തു.”
കോൺഗ്രസ് പാർട്ടി ഷെട്ടാറിനോട് അങ്ങേയറ്റം ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ഡികെ ശിവകുമാർ അവകാശപ്പെട്ടു. “ഞങ്ങൾ അദ്ദേഹത്തിന് അർഹമായ എല്ലാ ബഹുമാനവും നൽകി. അദ്ദേഹത്തിന് മറ്റ് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു, അമിത് ഷാ അദ്ദേഹത്തിന് എന്താണ് വാഗ്ദാനം ചെയ്തതെന്ന് എനിക്കറിയില്ല. ജനങ്ങൾ എല്ലാം കാണുന്നുണ്ട്,” ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ഉച്ചയോടെ ബിജെപി ആസ്ഥാനത്ത് എത്തിയ ജഗദീഷ് ഷെട്ടാറിനെ മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെയും സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്രയുടെയും സാന്നിധ്യത്തിലാണ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.