
ലക്‌നൗ: സ്‌കൂളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെക്കൊണ്ട് ശുചിമുറികള്‍ വൃത്തിയാക്കിക്കുന്നതും പ്രിന്‍സിപ്പലിന്‍െ വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കിക്കുന്നതും, കുളിക്കാതെ എത്തുന്നവരെ സ്‌കൂളില്‍ വെച്ച് കുളിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ക്ക് പിന്നാലെ ഇതാ അധ്യാപികയുടെ മുഖം മിനുക്കാനും സൗന്ദര്യ സംരക്ഷണത്തിനും വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളിലെ പ്രധാന അധ്യാപിക വിദ്യാര്‍ത്ഥിനിയെക്കൊണ്ട് ഫേഷ്യല്‍ ചെയ്യിച്ച് പുലിവാല് പിടിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രധാന അധ്യാപികയുടെ ആജ്ഞ അനുസരിക്കേണ്ടി വന്നതോടെ വിദ്യാര്‍ത്ഥിനിക്ക് തന്റെ വിലപ്പെട്ട പഠനസമയം കൂടിയാണ് നഷ്ടമായത്. ബിഗാപൂര്‍ ബ്ലോക്കിലെ ദണ്ഡമൗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തുവെച്ചാണ് സ്‌കൂളിലെ പെണ്‍കുട്ടി പ്രധാന അധ്യാപിക സംഗീത സിംഗിന് ഫേഷ്യല്‍ ചെയ്തു കൊടുക്കേണ്ടി വന്നത്. ഇത് കയ്യോടെ പൊക്കിയതാകട്ടെ സ്‌കൂളിലെ മറ്റൊരു അധ്യാപികയായ അനം ഖാന്‍ ആണ്.
പ്രധാന അധ്യാപികയെ പിടികൂടുക എന്ന ഉദ്ദേശത്തോടെ അനം ഖാന്‍ പാചകം ചെയ്യുന്ന സ്ഥലത്തേക്ക് നടക്കുന്നതിന്റെയും പെണ്‍കുട്ടി ഫേഷ്യല്‍ ചെയ്യുന്നതിന്റെയും ഒരു വീഡിയോ ചിത്രീകരിച്ചു. വീഡിയോ ചിത്രീകരിക്കുന്നതുകണ്ട പ്രധാന അധ്യാപിക ഞെട്ടിപ്പോകുന്നതും കസേരയില്‍ നിന്ന് തിടുക്കത്തില്‍ എഴുന്നേല്‍ക്കുന്നതും കാണാം.
വീഡിയോ ചിത്രീകരിച്ചതില്‍ ക്ഷുഭിതയായ പ്രധാന അധ്യാപിക അനം ഖാനെ പിന്തുടരുകയും മര്‍ദ്ദിക്കുകയും കൈ കടിച്ച് മുറിക്കുകയും ചെയ്തതായി പൊലീസും അധ്യാപികയും പറയുന്നു. അധ്യാപിക കടിയേറ്റ പാടുകളുടെ വീഡിയോയും പോസ്റ്റ് ചെയ്തു, രണ്ട് വീഡിയോകളും വൈറലായി.
സംഗീത സിംഗിനെതിരെ അന്വേഷണത്തിന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിടുകയും എം.എസ്. ഖാനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ബിഘപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.