
ന്യൂഡല്‍ഹി: ഉത്തരേന്ത്യ ഉഷ്ണതരംഗത്തിന്റെ പിടിയില്‍. കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ഉഷ്ണ തരംഗം കഠിനമാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഹരിയാന-ചണ്ഡീഗഡ്-ഡല്‍ഹി, പശ്ചിമ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും പരമാവധി പകല്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് ഞങ്ങള്‍ രാജസ്ഥാനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 47 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ട്. പഞ്ചാബിലും ഹരിയാനയിലും, പരമാവധി താപനിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി, എന്നാല്‍ പിന്നീട് അവ ക്രമേണ 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ദ്ധിക്കുമെന്നും പ്രവചനമുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും ഇതിനകം റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍, അടുത്ത അഞ്ച് ദിവസത്തേക്ക് റെഡ് അലര്‍ട്ടും മധ്യപ്രദേശിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 11 നും വൈകുന്നേരം 4 നും ഇടയില്‍ ആളുകള്‍ പരമാവധി നേരിട്ട് സൂര്യതാപം ഏല്‍ക്കരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വേനല്‍ച്ചൂടില്‍ വടക്കന്‍ സംസ്ഥാനങ്ങള്‍ ചുട്ടുപൊള്ളുമ്പോള്‍, തെക്കോട്ട് ആശ്വാസമുണ്ട്. കേരളത്തില്‍ ഇതിനോടകം വിവിധ ജില്ലകളില്‍ മഴ കനത്തു. അടുത്ത ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും മഴ ശക്തമാകും.