ഉത്തരേന്ത്യയെ പുതപ്പിച്ച് കനത്ത മൂടല്‍ മഞ്ഞ്; ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ അവതാളത്തില്‍

ന്യൂഡല്‍ഹി: ഞായറാഴ്ച രാവിലെ ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഉത്തരേന്ത്യന്‍ ഭാഗങ്ങളിലും കനത്ത മൂടല്‍മഞ്ഞിറങ്ങി.

ദേശീയ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 22 ട്രെയിനുകളും 150 വിമാനങ്ങളും വൈകി. ആര്‍കെ പുരത്ത് ഇന്ന് രാവിലെ കുറഞ്ഞ താപനില ഏഴ് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

വിമാനത്താവള പരിസരത്ത് കാഴ്ച പരിധി പൂജ്യത്തിലെത്തി. കഴിഞ്ഞ ദിവസം രാത്രി തന്നെ ഡല്‍ഹി എയര്‍പോര്‍ട്ട് ഫോഗ് അലര്‍ട്ട് നല്‍കിയിരുന്നു. അപ്ഡേറ്റ് ചെയ്ത ഫ്‌ലൈറ്റ് വിവരങ്ങള്‍ക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോശം കാലാവസ്ഥ കാരണം തങ്ങളുടെ ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് വിവിധ വിമാന കമ്പനികളും അറിയിച്ചിട്ടുണ്ട്.

ഇന്ന് പൊങ്കല്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ചെന്നൈയില്‍ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും 18 വിമാനങ്ങള്‍ വൈകുകയും ചെയ്തു. ചെന്നൈ വിമാനത്താവളത്തിന്റെ ലാന്‍ഡിംഗ് ഒരു മണിക്കൂറോളം നിര്‍ത്തിവച്ചു.

പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മു ഡിവിഷന്‍, ചണ്ഡീഗഡ്, അസം, കര്‍ണാടകയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ത്രിപുര, തീരദേശ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയുടെ ചില ഭാഗങ്ങളില്‍ മിതമായ മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide