കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ മഴ, മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും ഉണ്ടായേക്കാം : മുഖ്യമന്ത്രി

തിരുവനന്തപുരം: വേനല്‍മഴ കേരളത്തില്‍ ദുരിതപെയ്ത്താകുന്നു. കേരളത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ മഴ പ്രതീക്ഷിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ അളവില്‍ മഴ എത്തിയാല്‍ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുകയോ മാറിത്താമസിക്കുകയോ ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സംസ്ഥാനത്തൊട്ടാകെ 8 ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല. കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide