
കോട്ടയം: സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (ജൂണ്‍ 26) ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറക്കുന്നു. ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കല്ലാര്‍കുട്ടി ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ മുതിരപ്പുഴ, പെരിയാര്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു. പാമ്പ്‌ള ഡാമും തുറക്കുന്നതിനു അനുമതി ലഭിച്ചിട്ടുണ്ട്. പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്താനും മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മൂന്നാര്‍ കോളനിയില്‍ മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാര്‍ സിഎസ്‌ഐ ഹാളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശവും രാത്രിയാത്രയ്ക്ക് വിലക്കുമുണ്ട്.
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂന മര്‍ദ്ദപാത്തി സ്ഥിതിചെയ്യുണ്ട്. ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇടിന്നലോടെ മഴയും ശക്തമായ കാറ്റോടെയുള്ള മഴയുമാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.