പെയ്‌തൊഴിയാതെ പേമാരി, സംസ്ഥാനം ജാഗ്രതയില്‍; കുറ്റ്യാടിയില്‍ മിന്നല്‍ ചുഴലി

കൊച്ചി: തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രതയില്‍. കോഴിക്കോട് കുറ്റ്യാടിയില്‍ പരിഭ്രാന്തി പരത്തി മിന്നല്‍ ചുഴലി. ഇലക്ട്രിക് പോസ്റ്റുകള്‍ നിലംപതിക്കുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. മരംവീണ് ഒരു വീടും കടയും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

എറണാകുളം പള്ളിക്കരയില്‍ മണ്ണിടിഞ്ഞുവീണ് ഒരു വീട് ഭാഗീകമായി തകര്‍ന്നു. പള്ളിക്കര സ്വദേശി ജോമോന്റെ വീടാണ് തകര്‍ന്നത്. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും കുടുംബം രക്ഷപെട്ടത്. വീടിന്റെ പുറകുവശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

മഴയില്‍ ഇന്നുമാത്രം രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് യുവാവ് മരിച്ചു. താളുംകണ്ടംകുടി സ്വദേശി സനീഷ് ആണ് മരിച്ചത്. തിരുവനന്തപുരം മര്യനാട് തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി അലോഷ്യസ് (45) ആണ് മരിച്ചത്. കൂടാതെ, കഴിഞ്ഞ ദിവസം ആലപ്പുഴ മട്ടാഞ്ചേരിയില്‍ വെച്ച് മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുവഴി സിയാദ് മനസിലില്‍ ഉനൈസ്(30) ആണ് മരിച്ചത്.

സംസ്ഥാനത്ത് വിവിധ നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പെരിയാറിലും ഭാരതപ്പുഴ, ചിറ്റൂര്‍, ഗായത്രിപ്പുഴ എന്നിവിടങ്ങളിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വെള്ളപ്പൊക്ക ദുരിതം ഏറ അനുഭവിക്കുന്ന അപ്പര്‍ കുട്ടനാട്ടിലെ തലവടിയില്‍ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു. കൂടാതെ ആലപ്പുഴ ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങളില്‍ എന്‍ ഡി ആര്‍ എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

അരൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ചെളിയില്‍ താഴ്ന്നുപോയത് പ്രതിസന്ധിയുണ്ടാക്കി. രാവിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിനു സമീപം കെഎസ്ആര്‍ടിസി ബസ് കുഴിയില്‍ താഴ്ന്നു പോകുകയായിരുന്നു. പത്തനംതിട്ട കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസ് ആണ് ചെളിയില്‍ താഴ്ന്നത്. ബസ്സ് ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.