
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ മെയ് 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കി എന്ന് കളക്ടര്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രിയിലും പുലര്‍ച്ചെയുമായി കനത്തമഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.
ഇടുക്കി ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഇന്ന് മുതല്‍ റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ , റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാരമേഖലകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ് , ഡി ടി പി സി, ഹൈഡല്‍ ടുറിസം, വനം വകുപ്പ്, കെ എസ് ഇ ബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ക്ക്ചുമതല നല്‍കി.
അതേസമയം, തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി. തിരുവനന്തപുരം നഗരത്തില്‍ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയില്‍ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂര്‍ ജംക്ഷനില്‍ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി.













