സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത,4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കാലവര്‍ഷം ഉടനെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ദുരിത പെയ്ത്ത് തുടരും. ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ തലസ്ഥാനം ഉള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂണ്‍ ഒന്നു വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തെക്കന്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്.

അതിതീവ്ര മഴയക്കുള്ള സാഹചര്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.

കേരളത്തില്‍ കാലവര്‍ഷം എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന മഴ കാലവര്‍ഷത്തിന്റെ ഭാഗമാണെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മണ്‍സൂണ്‍ പ്രവചന പ്രകാരം ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷ സീസണില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ജൂണ്‍ മാസത്തിലും കേരളത്തില്‍ സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അല്‍പം മുമ്പ് നല്‍കിയ അറിയിപ്പില്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

More Stories from this section

family-dental
witywide